ഹോംഗ് സ്യൂയാന്‍ വിന്‍ വിയറ്റ്‌നാമിന്റെ ചരിത്രപുരുഷന്‍

By Web DeskFirst Published Aug 7, 2016, 1:24 AM IST
Highlights

റിയോ ഡി ജനീറോ: ഒരൊറ്റ ദിവസംകൊണ്ട് വിയറ്റ്‌നാമിന്റെ ചരിത്രപുരുഷനായിരിക്കുകയാണ് ഹോംഗ് സ്യുയാന്‍ വിന്‍. ഒളിംപിക്‌സില്‍ ആദ്യമായി വിയറ്റ്‌നാമിന് സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്താണ് ഹോംഗ് സ്യുയാന്‍ താരമായത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലായിരുന്നു സുവര്‍ണ്ണ നേട്ടം.

ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായി നിരാശപ്പെടുത്തിയ റിയോഡി ജനിറോയിലെ ഷൂട്ടിംഗ് റേഞ്ച്. ഇവിടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടിയത് വിയറ്റ്‌നാമിന്റെ ഹോംഗ് സ്യുയാന്‍ വിന്‍ എന്ന 42 കാരനായിരുന്നു.

ഹോംഗ് സ്യുയാന്റെ നേട്ടത്തിന് ഇരട്ടിമധുരമാണ്. തന്റെ രാജ്യത്തിന് ആദ്യമായി ഒളിംപിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുക്കാനായതിന്റെ ചാരിതാര്‍ത്ഥ്യം ഒരുവശത്ത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ഒരു പോയിന്റിന് ഫൈനല്‍ യോഗ്യത നഷ്ടമായതിന് ഇക്കുറി മധുരപ്രതികാരം വീട്ടാനായെന്നത് മറുവശത്ത്. ആതിഥേയരായ ബ്രസീലിന്റെ ഫിലിപ്പെ അല്‍മെയ്ഡയുമായി ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഹോംഗ് സ്യുയാന്റെ ജയം.

കഴിഞ്ഞ 64 വര്‍ഷമായി ഒളിംപിക്‌സില്‍ മത്സരിക്കുന്ന വിയറ്റ്‌നാമിന് 2000ല്‍ സിഡ്‌നിയിലും 2008ല്‍ ബീജിംഗിലും നേടിയ രണ്ട് വെള്ളിമെഡലുകളായിരുന്നു ഇതുവരെയുള്ള ആകെ സമ്പാദ്യം. ഹോംഗ് സ്യുയാന്‍ വിന്നിനൊപ്പം മത്സരിച്ച ഇന്ത്യയുടെ ജിത്തു റായിക്ക് ഫൈനലില്‍ അവസാനസ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.

click me!