
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ആദ്യദിനം ഇന്ത്യയ്‌ക്ക് തിരിച്ചടി. ഹോക്കിയിലെ വിജയം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയ്‌ക്ക് കൂട്ടത്തോല്‍വിയായിരുന്നു ആദ്യദിനം. ടെന്നീസ് ഡബിള്‍സില്‍ പുരുഷന്‍മാര്‍ക്ക് പിന്നാലെ ഇന്ത്യന്‍ വനിതാ ടീം ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. സാനിയ-പ്രാര്‍ത്ഥന സഖ്യം ചൈനീസ് ജോഡിയോടാണ് തോറ്റത്. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു റായിയും 48 കിലോഗ്രാം വനിതകളുടെ ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവും നിരാശപ്പെടുത്തി. ഷൂട്ടിങ് ഫൈനലില്‍ ജിത്തു റായ് അവസാന സ്ഥാനത്ത് (എട്ടാമത്) ആയപ്പോള്‍ ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു പതിനൊന്നാമതായിരുന്നു.
ടേബിള്‍ ടെന്നീസിലും ടെന്നീസിലും കൂട്ടത്തോല്‍വി
ടേബിള്‍ ടെന്നീസ് ഇന്ത്യന്‍ പോരാട്ടം ആദ്യദിനം തന്നെ അവസാനിച്ചു. ഇന്ത്യ മല്‍സരിച്ച നാലിനങ്ങളിലും തോറ്റു. ശരത് കമാല്‍, സൗമ്യജിത് ഘോഷ്, മാനിക ബത്ര, മൗമ ദാസ് എന്നിവരാണ് ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായത്.
ടെന്നീസില്‍ മെഡല്‍ പ്രതീക്ഷകളായിരുന്ന പുരുഷ - വനിതാ ഡബിള്‍സ് സഖ്യങ്ങളും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. പേസ്- ബൊപ്പണ്ണ സഖ്യവും, സാനിയ-പ്രാര്‍ത്ഥനാ ജോഡിയുമാണ് തോറ്റു പുറത്തായത്. ചൈനീസ് സഖ്യത്തോട് 7-6, 5-7, 7-5 എന്ന സ്‌കോറിനാണ് സാനിയ സഖ്യം തോറ്റത്. ഇനി മിക്‌സഡ് ഡബിള്‍സില്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ.
അമ്പെയ്‌ത്തിലും ഷൂട്ടിംഗിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ജിത്തു റായിക്ക് ഫൈനലില്‍ എത്താനായെങ്കിലും അതേവിഭാഗത്തില്‍ മല്‍സരിച്ച ഗുര്‍പ്രീത് സിംഗ് യോഗ്യതാ റൗണ്ടില്‍ ഇരുപതാം സ്ഥാനത്തായിരുന്നു. അപൂര്‍വി ചന്ദേല, അയോണികയും ഫൈനല്‍ കാണാതെ പുറത്തായി. അമ്പെയ്‌ത്തില്‍ ദീപികാ കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്തിഗതയിനത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
ഹോക്കിയില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതും, തുഴച്ചില്‍ സിംഗിള്‍സ് സ്‌കള്‍സില്‍ ദത്തു ബാബന്‍ ക്വാര്‍ട്ടറിലെത്തിയതുമാണ് ആദ്യദിനം ഇന്ത്യയ്ക്ക് ആശ്വാസമേകിയത്. രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഇന്ത്യ ഹോക്കിയില്‍ വിജയിച്ചത്.