
റിയോ ഡി ജനീറോ: ഒന്നാമതെത്തി താരങ്ങളായവര്‍ നിരവധിയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ ഫിനിഷ് ചെയ്ത് താരമായ ആളുമുണ്ട് റിയോയില്‍.
വനിതകളുടെ 400മീറ്റര്‍ ഹീറ്റ്‌സ്. മത്സരാര്‍ഥികള്‍ 57 പേര്‍. എല്ലാവരും മത്സരം അതിവേഗം പൂര്‍ത്തിയാക്കി, ഒരാളൊഴികെ. വറുതിയുടെ നാടായ സൊമാലിയയില്‍ നിന്നെത്തിയ മര്‍യന്‍ നൂഹ് എന്ന പത്തൊമ്പത് കാരി. അവസാന സ്ഥാനക്കാരിയായി നൂഹ് 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത് ഒരു മിനിറ്റ് 10.14 സെക്കന്‍ഡില്‍. എന്നിട്ടും എല്ലാവരും നൂഹിനെ സ്വീകരിച്ചത് നിലയ്ക്കാത്ത കൈയടികളോടെയായിരുന്നു.
മറ്റുള്ളവരെല്ലാം വളരെ മുന്‍പ് ഫിനിഷ് ചെയ്‌തെങ്കിലും മത്സരം പൂര്‍ത്തിയാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് മര്‍യന്‍. സിന്തറ്റിക് ട്രാക്ക് കാണുന്നതുതന്നെ ആദ്യം. പട്ടിണിയും ഇല്ലായ്മകളും മാത്രമുള്ള നാട്ടില്‍ പരിശീലനം മണ്‍പാതകളില്‍. ഇതുകൊണ്ടുതന്നെ റിയോ ഒളിംപിക്‌സിലെ ഇന്‍സ്‌പിറേഷന്‍ ഗേള്‍ എന്ന വിശേഷണവും സൊമാലിയക്കാരി സ്വന്തമാക്കി.