മരുന്നടി: നര്‍സിംഗിന്റെ കാര്യത്തില്‍ തീരുമാനം ബുധനാഴ്ച; തന്നെ ചതിച്ചതാണെന്ന് നര്‍സിംഗ്

By Web DeskFirst Published Jul 25, 2016, 12:54 PM IST
Highlights

ദില്ലി: മരുന്നടിക്കേസിൽ ഒളിമ്പിക്സ് ബർത്ത് തുലാസിലായ ഗുസ്തി താരം നർസിംഗ് യാദവിന്റെ കാര്യത്തിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡയുടെ അച്ചടക്കസമിതി ബുധനാഴ്ച അന്തിമ തീരുമാനമെടുക്കും. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് റസ്‌ലിംഗ് ഫെ‍ഡറേഷൻ ഭാരവാഹികൾ ഇന്ന് പ്രധാനമന്ത്രിയെ കണ്ടു.

ഭക്ഷണത്തിൽ മരുന്ന് കലർത്തി തന്നെ കുടുക്കിയെന്നായിരുന്നു നർസിംഗിന്റെ ആരോപണം. റിയോയിലേക്ക് പോകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച നർസിംഗ് യാദവ് ഇത് തന്റെ കരിയറിനെതന്നെ ബാധിക്കുന്ന ആരോപണമാണെന്നും അതിനാല്‍ ഇതിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. നർസിംഗിന് ഒപ്പം താമസിച്ചിരുന്ന സന്ദീപ് യാദവും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ ഗൂഢാലോചനാ ആരോപണം ശക്തമായി. ഈ സാഹചര്യത്തിലാണ് നർസിംഗിന് പിന്തുണ അറിയിച്ച് റസ്‌ലിംഗ് ഫെഡറേഷൻ ഭാരവാഹികൾ പ്രധാനമന്ത്രിയെ കണ്ടത്.

അതേസമയം, നാഡയുടെ തീരുമാനം എതിരായാൽ നർസിംഗിന് റിയോയിലേക്ക് പോകാനാവില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ പറഞ്ഞ‌ു. നർസിംഗിനെ താത്‍കാലികമായാണ് സസ്‍പെൻഡ് ചെയ്തത്. ബാക്കിയുള്ള താരങ്ങൾ റിയോയിലേക്ക് പോകും. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഗോയല്‍ വ്യക്തമാക്കി.

അതിനിടെ നർസിംഗിന് പിന്തുണയുമായി ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാറെത്തിയത് ശ്രദ്ധേയമായി. റിയോയിലേക്ക് പോകില്ലെന്ന് പറഞ്ഞ സുശീൽ കുമാർ എല്ലാ ഗുസ്തി താരങ്ങൾക്കും ആശംസ അറിയിച്ചു.

 

click me!