
നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!
തലക്കെട്ട് കണ്ട് ഇതെന്ത് കാര്യം എന്ന് അമ്പരക്കേണ്ട. എക്കാലത്തെയും മികച്ച കായികതാരമായ കാള്‍ ലൂയിസിന്റെ ഒളിമ്പിക്സ് ജീവിതത്തിലെ ഒരു സംഭവത്തെ കുറിച്ചാണ് സൂചിപ്പിച്ചത്. ഇക്കാര്യം പറയും മുന്നേ ഇതിഹാസ താരത്തിന്റെ ഒളിമ്പിക്സ് നേട്ടങ്ങളിലൂടെ കണ്ണോടിക്കാം.
നൂറ്റാണ്ടിന്റെ ഒളിമ്പ്യന്‍ - കാള്‍ ലൂയിസ്. കായികലോകത്തിന്റെ കറുത്ത മുത്ത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം വാരിയെടുത്തു ഈ ഇതിഹാസതാരം - ഒളിമ്പിക്സില്‍ ഒമ്പത് സ്വര്‍ണ മെഡലുള്‍പ്പടെ 10 ഒളിമ്പിക്സ് മെഡലുകളാണ് അമേരിക്കന്‍ താരമായ കാള്‍ ലൂയിസ് സ്വന്തമാക്കിയത്. ലോസ് ഏഞ്ചല്‍സില്‍ 1984ല്‍ നടന്ന ഒളിമ്പിക്സില്‍ 100 മീ, 200 മീ, ലോംഗ്‌ജമ്പ്, 4*100 മീ. റിലേ എന്നീ നാലിനങ്ങളിലും കാള്‍ ലൂയിസ് സ്വര്‍ണം സ്വന്തമാക്കി. 1988-ലെ സോള്‍ മേളയില്‍ 100 മീറ്ററിലും ലോംഗ്‌ജമ്പില്‍ സ്വര്‍ണം, 200 മീറ്ററില്‍ വെള്ളി, 1992 ബാഴ്സലോണ ഒളിംപിക്സില്‍ ലോംഗ്‌ജമ്പിലും 4*100 മീ. റിലേയിലും സ്വര്‍ണം, 1996-ലെ അറ്റ്ലാന്‍റാ ഒളിമ്പിക്സില്‍ ലോംഗ്‌ജമ്പില്‍ സ്വര്‍ണം എന്നിങ്ങനെയാണ് കാള്‍ ലൂയിസിന്റെ നേട്ടം.
ഇനി തുടക്കത്തില്‍ പറഞ്ഞ ആ സംഭവം. കായികമത്സരങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഇനം - 100 മീറ്റര്‍ മത്സരം. കാനഡയും ബെന്‍ ജോണ്‍സനും കാള്‍ ലൂയിസും ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയും കാള്‍വിന്‍ സ്മിത്തും ഓടുന്നു. കാള്‍ ലൂയിസിനെ ഒരു മീറ്ററോളം പിന്തള്ളി ജോണ്‍സന്‍ 9.79 സെക്കന്റില്‍ ഫിനിഷിംഗ് പോയന്റില്‍. ഇരുപത് വര്‍ഷം പഴക്കമുള്ള ജിം ഹിന്‍സിന്റെ 9.95 സെക്കന്റിന്റെ ഒളിമ്പിക് റെക്കോര്‍ഡും കാള്‍ ലൂയിസിന്റെ ലോകറെക്കോര്‍ഡും തകര്‍ന്നു. കാള്‍ ലൂയിസിന്റെ നഷ്ടത്തിനും ജോണ്‍സന്റെ നേട്ടത്തിനും ദിവസങ്ങളുടെ ആയുസ്സു മാത്രം. ഉത്തേജക മരുന്നടിച്ചതിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ജോണ്‍സണെ വിലക്കി. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ തിരിച്ചെടുത്തു. വീണ്ടും സ്വര്‍ണവും ലോക റെക്കോര്‍ഡും പുതിയ ഒളിമ്പിക്സ് റെക്കോര്‍ഡും കാള്‍ ലൂയിസിന്.