റിയോയില്‍ ഇന്ത്യ ഇന്നിറങ്ങും; ദീപികയ്ക്ക് ഇന്ന് ആദ്യ മത്സരം

By Web DeskFirst Published Aug 5, 2016, 5:31 AM IST
Highlights

റിയോ ഡി ജനീറോ: റിയോയില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അമ്പെയ്ത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഇറങ്ങും. ഷൂട്ടിംഗിലും ഹോക്കിയിലും ഇന്ത്യക്ക് നാളെ മത്സരങ്ങളുണ്ട്. ലോക ഒന്നാം നമ്പറായിരുന്ന ദീപിക കുമാരി ലണ്ടന്‍ ഒളിംപ്കില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ കാത്തിരുന്നത് ദുരന്തം. ഇത്തവണ പിഴവ് ആവര്‍ത്തിക്കില്ലെന്ന ഉറപ്പുമായാണ് ദീപിക  റിയോയില്‍ എത്തിയിരിക്കുന്നത്.  

അമ്പെയ്ത്തില്‍ റാങ്കിംഗ് റൗണ്ടാണ് ഇന്ന് നടക്കുക. പുരുഷ വനിത വിഭാഗങ്ങളില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഇന്ന് മത്സരമുണ്ട്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സീഡിംഗ് നിര്‍ണയിക്കാനാണ് റാങ്കിംഗ് റൗണ്ട്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടുന്നവര്‍ ഒന്നാം സീഡാകും ഏറ്റവും കുറച്ച് പോയിന്റ് കിട്ടുന്നവര്‍ 64 ആം സീഡും. എലിമിനേഷന്‍ റൗണ്ടില്‍ ഒന്നാം സീഡിന് നേരിടേണ്ടത് 64 ആം സീഡുള്ള താരത്തെയാണ്.

വനിതകളില്‍ ദീപിക കുമാരി, ബൊംബെയ്‌ല ദേവി, ലക്ഷ്മിറാണി മാഞ്ചി എന്നിവരാണ് ടീം ഇനത്തിലും വ്യക്തിഗത വിഭാഗത്തിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പുരുഷ വിഭാഗത്തില്‍ അതാനു ദാസാണ് ഇന്ത്യന്‍ പ്രതിനിധി.

ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റിന് പിന്നാലെ ഇന്ത്യയുടെ ഷൂട്ടിംഗ്, ഹോക്കി താരങ്ങള്‍ കളത്തിലിറങ്ങും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മെഡല്‍ പ്രതീക്ഷയായ ജിത്തു റായിക്കും നാളെ മത്സരമുണ്ട്. വനിതകളുടെ ഭാരോദ്വഹനത്തില്‍  ഇറങ്ങുന്ന സൈക്കോ മീരാബായി ചാനുവില്‍ നിന്നും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഹോക്കി ടീമിന്റെയും ആദ്യ മത്സരം നാളെയാണ്. ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള അയര്‍ലന്‍ഡാണ് എതിരാളികള്‍. നാളെ രാത്രി 7.30നാണ് മത്സരം. 

click me!