ഉദ്ഘാടന ചടങ്ങില്‍ എന്തൊക്കെ ? ആകാംക്ഷയോടെ കായികലോകം

By Web DeskFirst Published Aug 5, 2016, 5:10 AM IST
Highlights


റിയൊ ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും. ഇനിയുള്ള 17 ദിവസം കായിക ലോകം ബ്രസീലിലേക്ക് ചുരുങ്ങും.  ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒളിംപിക്‌സിന് ഒരുക്കിയിട്ടുള്ളത്.എന്തൊക്കെ വിസ്മയങ്ങളാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ബ്രസീല്‍ കാത്തുവച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമാവുക. ആരാകും ദീപം തെളിയിക്കുക എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

അര നൂറ്റാണ്ട് മുമ്പ് ഒരു രാജ്യത്തെ മുഴുന്‍ കണ്ണീരിലാഴ്ത്തിയ മാരക്കാന സ്റ്റേഡിയം. 66 വര്‍ഷത്തിനിപ്പുറം വിശ്വകായിക മാമാങ്കത്തിന് അതേ മാരക്കാനയില്‍ തുടക്കമിടുമ്പോള്‍ എന്തൊക്കെ വിസ്മയങ്ങളാണ് ബ്രസീല്‍ കാത്തുവച്ചിരിക്കുന്നതെന്നാണ് ലോകം ഉറ്റു നോക്കുന്നത്. വിശ്വ പ്രസിദ്ധ ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മിരെല്ലാസിന്റെ നേതൃത്വത്തിലാണ് കലാവിരുന്ന് ഒരുക്കുന്നത്.  

ബ്രസീലിലെ പ്രശസ്ത മോഡലും നര്‍ത്തകിയുമായ ജിസൈല്‍ ബൂട്ട്ഷെന്‍ അടക്കമുള്ള പ്രമുഖര്‍ സാംബ താളവുമായി ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാനെത്തും.ആമസോണ്‍ കാടുകളുടെ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികള്‍ ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യ ആകര്‍ഷണമാകും.ബ്രസീലിന്റെ പരമ്പരാഗത ഭംഗികളും സംഗീത-നൃത്ത പാരമ്പര്യവും ഇഴചേരുന്നതാകും ചടങ്ങുകള്‍.

300  കോടിയോളം ജനങ്ങള്‍ ഉദ്ഘാടന ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഒളിംപിക്‌സിനായി പണം ചെലവഴിക്കുന്നതില്‍ ബ്രസീലില്‍ തന്നെ പ്രതിഷേധമുണ്ടെങ്കിലും അതൊന്നും ഉദ്ഘാടന ചടങ്ങിന്റെ പൊലിമ കുറക്കില്ലെന്നാണ് പ്രതീക്ഷ. ലണ്ടന്‍ ഒളിംപിക്സില്‍ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ ചെലവഴിച്ച തുകയുടെ പകുതിയില്‍ താഴെ  മാത്രമേ ബ്രസീലിന്റെ ബജറ്റിലുള്ളൂ. എങ്കിലും വര്‍ണക്കാഴ്ചകള്‍ക്ക് കുറവുണ്ടാകില്ല.

click me!