റിയോയില്‍ ഇന്ത്യയ്‌ക്ക് അഭിമാനമായത് രണ്ടു വനിതകള്‍

By Web DeskFirst Published Aug 19, 2016, 12:59 PM IST
Highlights

റിയോ ഡി ജനീറോ: തലയെടുപ്പുള്ള താരങ്ങളെല്ലാം നിരാശ മാത്രം ബാക്കിയാക്കിയപ്പോള്‍ റിയോയില്‍ ഇന്ത്യക്ക് അഭിമാനമായത് രണ്ട് വനിതകള്‍. ഒളിംപിക്‌സില്‍ മെഡല്‍നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതയാണ് പി വി സിന്ധു.

ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത മെഡല്‍ത്തിളക്കത്തിലെത്തുന്നത് രണ്ടായിരം സിഡ്‌നി ഒളിംപിക്‌സില്‍. ഇന്ത്യന്‍ വനിതകള്‍ക്ക് പുതുവഴി തുറന്നത് കര്‍ണം മല്ലേശ്വരി. നേട്ടം ഭാരോദ്വഹനത്തില്‍ വെങ്കലം. 2004ലും 2008ലും ഇന്ത്യന്‍ വനിതകള്‍ക്ക് പോഡിയത്തില്‍ എത്താനായില്ല. ലണ്ടനില്‍ മേരികോമും സൈന നേവാളും കര്‍ണം മല്ലേശ്വരിയുടെ പിന്‍ഗാമികളായെങ്കിലും വെങ്കലത്തിനപ്പുറത്തേക്ക് എത്താനായില്ല. മേരികോം ബോക്‌സിംഗിലും സൈന ബാഡ്മിന്റണിലും ഇന്ത്യയുടെ യശസ്സുയര്‍ത്തി.
റിയോയില്‍ പന്ത്രണ്ട് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയെ മെഡല്‍ തിളക്കത്തിലെത്തിച്ചത് സാക്ഷി മാലിക്ക്. ഗുസ്തിയില്‍ സാക്ഷിയുടെ നേട്ടവും വെങ്കലം. ഈ നിരയിലേക്ക് ഒരുപടി കൂടി കടന്ന് രജതശോഭയോടെ ഇപ്പോള്‍ പി വി സിന്ധുവും. ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവും ആദ്യ വനിതയുമായി സിന്ധു.

click me!