
തിരുവനന്തപുരം: തലസ്ഥാനനഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറാന്‍ വിധിക്കപ്പെട്ടിരുന്ന വിളപ്പില്‍ശാല നെടുങ്കുഴിയില്‍ കേരളത്തിന്റെ യുവതാരങ്ങള്‍ മൗണ്ടന്‍ സൈക്ലിങ്ങിന്റെ സാഹസിക വേഗത്തില്‍ മത്സരിക്കും. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് 2011 ഡിസംബറില്‍ പൂട്ടിയ വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റ് നിലനിന്നിരുന്ന പ്രദേശത്താണ് 23ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്. കേരള സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജു ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം മേയര്‍ വി വി രാജേഷ് മത്സരങ്ങളുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. കേരള സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കോട്ടുകാല്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷണ്‍മുഖം, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ.പി, കേരള സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി വിനോദ്കുമാര്‍.കെ, ചെയര്‍മാന്‍ സുധീര്‍കുമാര്‍ എസ്.എസ്, ട്രഷറര്‍ പത്മകുമാര്‍.ജി.എസ്, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ജയപ്രസാദ്.ബി തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും. സെപ്തംബര്‍ 5, 6 തീയ്യതികളിലായാണ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സൈക്ലിംഗ് താരങ്ങളും ടീമുകളും മത്സരത്തില്‍ പങ്കെടുക്കും.
2023 ഒക്ടോബറില്‍ കേരള സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ് പൊന്മുടിയില്‍ സംഘടിപ്പിച്ചിരുന്നു. ഒളിമ്പിക് യോഗ്യത മത്സരം ആയ ചാമ്പ്യന്‍ഷിപ്പില്‍ 20 ഓളം രാജ്യങ്ങളില്‍ നിന്നായി 250 ലേറെ കായിക താരങ്ങള്‍ പങ്കെടുത്തു. അന്ന് പൊന്മുടിയില്‍ തയ്യാറാക്കിയ ട്രാക്കിനെക്കുറിച്ചും കേരളത്തിലെ അനുകൂല കാലവസ്ഥയെക്കുറിച്ചും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും പരിശീലകരും ഏഷ്യന്‍ സൈക്ലിങ് കോണ്‍ഫെഡറേഷന്‍ പ്രതിനിധികളും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മൗണ്ടന്‍ ബൈക്ക് സൈക്ലിങ് പോലുള്ള സാഹസിക കായിക ഇനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ വേദിയാണ് തിരുവനന്തപുരം. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ് പോലുള്ള മേളകള്‍ സഹായകമാകും.