
നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസില്‍ ചരിത്ര മെഡൽ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർതാരം സാഖോം മീരാബായ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി മെഡൽ നേടിയാണ് മീരാബായ് ചാനു ചരിത്രനേട്ടം സ്വന്തമാക്കിയത്. ആകെ 198 കിലോഗ്രാം ഉയർത്തിയാണ് ചാനുവിന്‍റെ നേട്ടം. ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തില്‍ 28 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. 1998-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി വെള്ളി മെഡൽ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് താരം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്.
ആകെ 215 കിലോഗ്രാം ഉയർത്തിയ വടക്കൻ കൊറിയയുടെ റീ സോങ് ഗം തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കി. 191 കിലോഗ്രാം ഉയർത്തിയ ഇന്തോനേഷ്യയുടെ ലുലുക് ഡയാന തൃ വിജയാനയ്ക്കാണ് വെങ്കലം. സ്നാച്ചിൽ മൂന്ന് ശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കി 87 കിലോഗ്രാം ഉയർത്തിയാണ് ചാനു പോരാട്ടം തുടങ്ങിയത്. തുടർന്ന് ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാം ശ്രമത്തിൽ 111 കിലോഗ്രാം ഉയർത്തിയതോടെ ആകെ 198 കിലോഗ്രാമോടെ ചാനു വെള്ളി മെഡൽ ഉറപ്പിച്ചു. ലോക റെക്കോർഡ് പ്രകടനത്തോടെയാണ് റീ സോങ് ഗം സ്വർണത്തിലേക്ക് എത്തിയത്.
ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് (തുടർച്ചയായി മൂന്ന് സ്വർണം) എന്നിവയിലെല്ലാം മെഡൽ തിളക്കമുണ്ടായിരുന്ന ചാനുവിന്റെ കരിയറിൽ ഏഷ്യൻ ഗെയിംസ് മെഡൽ മാത്രം വിട്ടുനിൽക്കുകയായിരുന്നു. 2014 ഇഞ്ചിയോണിൽ ഒൻപതാം സ്ഥാനം, 2018 ജക്കാർത്തയിൽ പരിക്കുമൂലം പിൻമാറ്റം, 2023 ഹാംഗ്ഷൗവിൽ പരിക്കേറ്റ് നാലാം സ്ഥാനം എന്നിങ്ങനെ കയ്പേറിയ അനുഭവങ്ങൾ മാത്രമുണ്ടായിരുന്ന ചാനുവിന് നഗോയയിലെ ഈ മെഡൽ മധുരപ്രതികാരമായി മാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക