ഡിങ്കോ സിംഗിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിക്കും

By Web TeamFirst Published Apr 21, 2020, 5:02 PM IST
Highlights

കരളിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന ഡിങ്കോ സിംഗിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് റേഡിയേഷനായി ഡല്‍ഹിയില്‍ എത്താനായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ നടത്തേണ്ട റേഡിയേഷന്‍ ചികിത്സയുടെ ഒരു ഷെഡ്യൂള്‍ ഇതോടെ മുടങ്ങിയിരുന്നു

ഇംഫാല്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ബോക്സിംഗ് താരം ഡിങ്കോ സിംഗിന് സഹായഹസ്തം നീട്ടി ബോക്സിംഗ് ഫെഡറേഷന്‍. തുടര്‍ ചികിത്സകള്‍ക്കായി ഡിങ്കോ സിംഗിനെ ഈ മാസം 25ന് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ സചേതി വ്യക്തമാക്കി.

കരളിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന ഡിങ്കോ സിംഗിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് റേഡിയേഷനായി ഡല്‍ഹിയില്‍ എത്താനായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ നടത്തേണ്ട റേഡിയേഷന്‍ ചികിത്സയുടെ ഒരു ഷെഡ്യൂള്‍ ഇതോടെ മുടങ്ങിയിരുന്നു. ഡിങ്കോ സിംഗിന്റെ നിലവിലെ അവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കായിക മന്ത്രി കിരണ്‍ റിജിജു മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മണിപ്പൂരില്‍ റേഡിയേഷന്‍ ചികിത്സക്കുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായി.

കരളിലെ ക്യാന്‍സറിന് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍(ഐഎല്‍ബിഎസ്) ആണ് 41കാരനായ  ഡിങ്കോ സിംഗ് ചികിത്സ തേടുന്നത്.1997 ല്‍ അന്താരാഷ്ട്ര ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ച ഡിങ്കോ സിംഗ് 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയയാണ് താരമായത്. ഏഷ്യാഡ് ബോക്‌സിംഗില്‍ 16 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. ആ വര്‍ഷം തന്നെ അര്‍ജുന പുരസ്‌കാരം നല്‍കി രാജ്യം ഡിങ്കോയെ ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ഡിങ്കോയെ തേടിയെത്തി. ഇന്ത്യന്‍ ബോക്‌സിംഗിലെ ഗോള്‍ഡന്‍ ബോയ് ആയിരുന്നു ഡിങ്കോ.

Alos Read: സിഗരറ്റ് ഇല്ലാതെ പറ്റില്ലെന്ന് വോണ്‍, മറ്റൊരു നിര്‍ദേശവുമായി കോച്ച്; ഒടുവില്‍ അടിവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു

വനിത ബോക്‌സിംഗ് ഇതിഹാസം മേരി കോം അടക്കം രാജ്യത്തെ നിരവധി ബോക്സര്‍മാര്‍ക്ക് പ്രചോദനമേകിയ ഡിങ്കോ ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നു വന്ന താരമായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഡിങ്കോക്ക് കരളില്‍ കാന്‍സര്‍ പിടിപെടുന്നത്. അന്ന് വിജയകരമായി ചികിത്സിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും അസുഖം തലപൊക്കുകയായിരുന്നു.

click me!