സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് പുകവലി ശീലമുള്ള ഒരാളാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍. സിഗരറ്റിവ് വേണ്ടി വോണ്‍ ചെയ്ത ഒരു രസകരമായ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് സഹതാരമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഓസീസ് ക്യാപ്റ്റന്‍. 

ഒരിക്കല്‍ ആറ് പാക്കറ്റ് സിഗരറ്റിന് വേണ്ടി വോണ്‍ അടിവസ്ത്രവും സോക്‌സും ഉപേക്ഷിച്ചുവെന്നാണ് വോണ്‍ പറയുന്നത്. ക്ലാര്‍ക്ക് തുടര്‍ന്നു... ''2006 ആഷസ് പരമ്പരയ്ക്കിടെയാണ് സംഭവം. പരമ്പരയ്ക്ക് മുന്നോടായായി ഓസീസ് ടീമിന്റെ ക്യാംപ് നടക്കുകയാണ്. ക്യാംപിലേക്ക് ചുരുക്കം ചില സാധനങ്ങള്‍ മാത്രമെ കൊണ്ടുവരാവൂ. അത് മിക്കതും വസ്ത്രങ്ങള്‍ മാത്രമാണ്. എന്നാല്‍ സിഗരറ്റിന് വിലക്കേര്‍പ്പെടുത്തിയത് വോണിന് സഹിച്ചില്ല. 

പുകവലിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ക്യാംപിലേക്ക് ഇല്ലെന്ന് വോണ്‍ വ്യക്തമാക്കി. സംഭവം ഗൗരവമായ തലത്തിലേക്ക് പോയപ്പോള്‍ പരിശീലകന്‍ പരിശീലന്‍ ജോണ്‍ ബുക്കനാന്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. കൊണ്ടുവരുന്ന സിഗരറ്റ് പാക്കറ്റുകള്‍ക്ക് പകരം അനുവദിച്ച സാധനങ്ങളില്‍ എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കണം.  സിഗററ്റ് കൊണ്ടുപോകാനായി അണ്ടര്‍വെയറും സോക്‌സും ഉപേക്ഷിക്കാനായിരുന്നു വോണിന്റെ തീരുമാനം.

വോണ്‍ അപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മൂന്നു ജോഡി അണ്ടര്‍വെയറും മൂന്നു ജോഡി സോക്‌സും ഉപേക്ഷിച്ചു. പകരം ആറു പായ്ക്കറ്റ് സിഗററ്റ് ബാഗിലാക്കുകയും ചെയ്തു. ക്ലാര്‍ക്ക് വെളിപ്പെടുത്തി.