
ദില്ലി: ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടത്തിന് തൊട്ടരികെ എത്തി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏഴാം സീഡുകാരായ ജപ്പാന്‍റെ റിൻ ഇവനഗ-കീ നകനിഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ലോക റാങ്കിംഗിൽ 39-ാം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യം 21-16, 21-12 എന്ന സ്കോറിനാണ് ജാപ്പനീസ് സഖ്യത്തെ തകർത്തത്. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയിലെത്തിയാൽ ചാമ്പ്യൻഷിപ്പിൽ ട്രീസയ്ക്കും ഗായത്രിക്കും കുറഞ്ഞത് വെങ്കല മെഡൽ ഉറപ്പാവും.
ട്രീസയുടെ മിന്നൽ സ്മാഷുകളും ഡ്രോപ്പ് ഷോട്ടുകളുമായിരുന്നു കളിയുടെ പ്രധാന ആകർഷണം. മത്സരത്തിനിടെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കാണികളുടെ വൻ പിന്തുണയും ഇന്ത്യൻ താരങ്ങൾക്ക് കരുത്തായി. ചെയര്‍ അമ്പയറുടെ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തെ തുടർന്ന് ട്രീസയ്ക്ക് മഞ്ഞക്കാർഡ് മുന്നറിയിപ്പ് ലഭിച്ചെങ്കിലും, തകർപ്പൻ ഗെയിം പ്ലാനിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
പരിക്കിനെ തുടർന്ന് മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ട്രീസയും ഗായത്രിയും വീണ്ടും തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഫിലിപ്പീൻസ് ഇന്‍റർനാഷണൽ ടൂർണമെന്‍റിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് ഇരുവരും ലോക ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല മുന്നേറ്റം നടത്തിയത്. അർജുന അവാർഡിന്‍റെ തിളക്കത്തിലായിരുന്നു ട്രീസ മത്സരത്തിനിറങ്ങിയത്.
ട്രീസയ്ക്കും ഗായത്രിക്കും പുറമേ ആയുഷ് ഷെട്ടി, പി.വി. സിന്ധു, ധ്രുവ് കപില - തനിഷ ക്രാസ്റ്റോ സഖ്യം, സാത്വിക് സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി കൂട്ടുകെട്ട് എന്നിവരും ഇന്ന് ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നുണ്ട്. ട്രീസയും ഗായത്രിയും നൽകിയ തകർപ്പൻ തുടക്കം നൽകുന്ന വലിയ ആത്മവിശ്വാസത്തോടെയാവും മറ്റ് ഇന്ത്യൻ താരങ്ങളും തങ്ങളുടെ മത്സരങ്ങൾക്കായി കോർട്ടിലിറങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക