ഡേവിസ് കപ്പ്: പാക്കിസ്ഥാനെതിരെ നിര്‍ണായക ലീഡുമായി ഇന്ത്യ

By Web TeamFirst Published Nov 29, 2019, 6:34 PM IST
Highlights

ഡേവിസ് കപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോല്‍വി അറിഞ്ഞിട്ടില്ല. ഇതിനു മുമ്പ് ആറു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം

നുര്‍ സുല്‍ത്താന്‍(കസാഖിസ്ഥാന്‍): ഡേവിസ് കപ്പ് ടെന്നീസില്‍ പാക്കിസ്ഥാനെതിരെ നിര്‍ണായക ലീഡ് നേടി ഇന്ത്യ. സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും സുമിത് നഗാലും അനായസജയം കുറിച്ചപ്പോള്‍ ആദ്യ ദിനം ഇന്ത്യ 2-0ന്റെ ലീഡ് സ്വന്തമാക്കി. പാക്കിസ്ഥാന്റെ കൗമാരതാരം മുഹമ്മദ് ഷൊഹൈബിനെതിരെ 42 മിനിറ്റില്‍ രാംകുമാര്‍ രാമനാഥന്‍ ജയിച്ചു കയറി. സ്കോര്‍ 6-0, 6-0. രണ്ടാം സെറ്റിന്റെ ആറാം ഗെയിമില്‍ രാംകുമാര്‍ രാമനാഥന്റെ സര്‍വീസ് രണ്ട് തവണ ഡ്യൂസില്‍ എത്തിക്കാനായത് മാത്രമാണ് മൊഹമ്മദ് ഷൊഹൈബിന്റെ നേട്ടം.

രണ്ടാം സിംഗിള്‍സില്‍ ഹുസൈഫ അബ്ദുള്‍ റഹ്മാനെ നേരിട്ടുള്ള സെറ്റുകളില്‍ സുമിത് നഗാല്‍ വീഴ്ത്തി. സ്കോര്‍ 6-0, 6-2. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കാനാവില്ലെന്ന ഇന്ത്യന്‍ താരങ്ങള്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് മത്സരം നിഷ്പക്ഷ വേദിയായ കസാഖിസ്ഥാനിലെ നുര്‍ സുല്‍ത്താനിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്റെ മുന്‍നിര താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയതോടെ ഇന്ത്യയുടെ ജയം വെറും ചടങ്ങ് മാത്രമായി. നാളെ നടക്കുന്ന ഡബിള്‍സ് പോരാട്ടത്തില്‍ ജീവന്‍ നെടുഞ്ചെഴിയന്‍-ലിയാന്‍ഡര്‍ പേസ് സഖ്യം ജയിച്ചു കയറിയാല്‍ ഇന്ത്യക്ക് വിജയവുമായി മടങ്ങാം.

ഡേവിസ് കപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോല്‍വി അറിഞ്ഞിട്ടില്ല. ഇതിനു മുമ്പ് ആറു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. പാക്കിസ്ഥാനെതിരെ ജയിച്ചാല്‍ ലോക ഗ്രൂപ്പ് യോഗ്യതാ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ആണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. മാര്‍ച്ച് 6-7 തീയതികളിലാണ് ലോക ഗ്രൂപ്പ് യോഗ്യതാ പോരാട്ടം.

click me!