
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു ടോര്‍പ്പിഡോസിനോട് അഞ്ച് സെറ്റ് നീണ്ട തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 20-18, 20-18, 7-15, 11-15, 15-12. ബെംഗളൂരു ടോര്‍പ്പിഡോസ് ആദ്യ രണ്ട് സെറ്റുകള്‍ നേടി മുന്നിലെത്തിയെങ്കിലും, ശക്തമായി തിരിച്ചടിച്ച കാലിക്കറ്റ് ഹീറോസ് അടുത്ത രണ്ട് സെറ്റുകള്‍ സ്വന്തമാക്കി മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് എത്തിച്ചു.
എന്നാല്‍, അവസാന സെറ്റില്‍ ബെംഗളൂരു വിജയം ഉറപ്പിച്ചു. തോറ്റെങ്കിലും കാലിക്കറ്റിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഷമീമുദ്ദീന്‍ ആണ് കളിയിലെ താരം. സീസണില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 13 പോയിന്റോടെ പട്ടികയിലും ഒന്നാമതെത്തി. ഇന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് മത്സരം ജയിച്ചിരുന്നെങ്കില്‍ ഹീറോസിന് സെമി സാധ്യത നിലനിര്‍ത്താമായിരുന്നു. ഒക്ടോബര്‍ 19ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമായാണ് കാലിക്കറ്റ് ഹീറോസിന്റെ അടുത്ത മത്സരം.
ബെംഗളൂരുവിന് വേണ്ടി സേതു ടി.ആര്‍ ആണ് ആദ്യ രണ്ട് സെറ്റുകളില്‍ ആക്രമണം നയിച്ചത്. ജോയല്‍ ബെഞ്ചമിന്‍, യാലന്‍ പെന്റോസ് എന്നിവരും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അവസാന സെറ്റില്‍ യാലന്റെ പവര്‍ സ്‌പൈക്കാണ് വിജയം ഉറപ്പാക്കിയത്. ഷമീമുദ്ദീന്റെ തകര്‍പ്പന്‍ ബ്ലോക്കിംഗ് മികവും, സന്തോഷ്, തരുഷ ചമത്ത് എന്നിവരുടെ പ്രകടനങ്ങളുമാണ് കാലിക്കറ്റ് ഹീറോസിന് രണ്ട് സെറ്റുകള്‍ നേടി കൊടുക്കുന്നതില്‍ നിര്‍ണായകമായത്. വികാസ് മാന്‍, ശിവനേശന്‍ എന്നിവരും നിര്‍ണായക നിമിഷങ്ങളില്‍ പോയിന്റുകള്‍ നേടി.
തോറ്റെങ്കിലും രണ്ട് സെറ്റുകള്‍ നേടിയതിനാല്‍ ഈ മത്സരത്തിലൂടെ സീസണിലെ ആദ്യ പോയിന്റ് നേടാന്‍ കാലിക്കറ്റ് ഹീറോസിനായി. പ്രമുഖ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് മത്സരം കാണാന്‍ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.