ജോക്കോവിച്ചിന് വെറും ഫൈനലല്ല; ബിഗ് ത്രീയിലെ അഭിമാന പോരാട്ടം

By Web TeamFirst Published Jun 13, 2021, 2:41 PM IST
Highlights

ഇന്ന് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇറങ്ങുമ്പോൾ ഇരുവരുമായുള്ള നേട്ടങ്ങളുടെ അകലം കുറയ്‌ക്കുക തന്നെയാണ് സെർബിയൻ താരത്തിന്റെ ലക്ഷ്യം. 

റോളണ്ട് ഗാരോസ്: ഫെഡറർ, നദാൽ, ജോക്കോവിച്ച്. റാങ്കിങ്ങിൽ ഒന്നാമനായി നിൽക്കുമ്പോഴും ടെന്നീസിലെ ബിഗ് ത്രീയിൽ എന്നും മൂന്നാമനായിട്ടേ ജോക്കോവിച്ചിനെ എണ്ണിയിട്ടുള്ളൂ. ഇന്ന് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇറങ്ങുമ്പോൾ ഇരുവരുമായുള്ള നേട്ടങ്ങളുടെ അകലം കുറയ്‌ക്കുക തന്നെയാണ് സെർബിയൻ താരത്തിന്റെ ലക്ഷ്യം. 

ഫ്രഞ്ച് ഓപ്പണിൽ വെറും സെമിഫൈനൽ കളിച്ചല്ല നൊവാക് ജോക്കോവിച്ച് കലാശപ്പോരിന് ഇറങ്ങുന്നത്. റോളണ്ട് ഗാരോസിലെ സിംഹാസനത്തിൽ നിന്ന് റാഫേൽ നദാലിനെ സ്ഥാനഭഷ്ട്രനാക്കിയാണ് കളിമൺ കോർട്ടിലെ ചെങ്കോലേന്താൻ ജോക്കോ ഇന്ന് റാക്കറ്റെടുക്കുക. ജോക്കോവിച്ചിന് കളിമണ്ണിലിത് ആറാം ഫൈനൽ. മൂന്ന് തവണ നദാലിനോട് തോറ്റു. ഒരിക്കൽ വാവ്റിങ്കയോട് അടിതെറ്റി. 2016ൽ ആൻഡി മറയെ കീഴടക്കി കിരീടം ചൂടിയത് മാത്രം മധുരമോർമ്മ.

കന്നി ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ തോൽപ്പിച്ചാൽ ഒന്നാം സീഡുകാരന്റെ നേട്ടപ്പട്ടിക വലുതാകും, കൂടുതൽ മഹത്തരമാകും. ഇന്ന് ജയിച്ചാൽ ഗ്രാൻസ്ലാം നേട്ടം 19 ആകും. 20 ഗ്രാൻസ്ലാമുമായി ഫെഡററും നദാലും മാത്രം മുമ്പിൽ. തകർപ്പൻ എയ്സുകളോടെ തുടങ്ങുക. നെറ്റിലേക്ക് ഓടിയെത്തി ഉജ്വല വോളിയിൽ തീർക്കുക. നീണ്ട റാലികളെങ്കിൽ എതിരാളിയെ ക്ഷീണിപ്പിക്കുക. തക്കംപാര്‍ത്ത് ശത്രുവിന്റെ ദൗർബല്യത്തിലേക്ക് മിന്നൽപ്പിണറായി റിട്ടേണുകൾ പറത്തുക, ജയിക്കുക എന്നതാണ് ജോക്കോയുടെ ശൈലി.

അങ്ങനെ ഇന്നും ജയിച്ചാൽ 30 വയസ് കഴിഞ്ഞതിന് ശേഷമുള്ള ജോക്കോയുടെ ഗ്രാൻസ്ലാം നേട്ടം ഏഴാകും. ഒരു ജയമകലെയുള്ള നേട്ടത്തിലേക്ക് യുവതാരം സ്റ്റെഫനോസ് സിറ്റ്‌സിപാസിനെതിരെ ജോക്കോയുടെ ആയുധം കളിത്തഴമ്പ് തന്നെ.

ഫ്രഞ്ച് ഓപ്പൺ: പുരുഷ ചാമ്പ്യനാകാന്‍ ജോക്കോവിച്ചും സിറ്റ്സിപാസും ഇന്ന് കോര്‍ട്ടില്‍

ക്രെജിക്കോവക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!