Asianet News MalayalamAsianet News Malayalam

ക്രെജിക്കോവക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം

ക്രെജിക്കോവയുടെ ആദ്യ ​ഗ്രാൻസ്ലാം കിരീടമാണിത്. താനൊരു ​ഗ്രാൻസ്ലാം കിരീടം നേടിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങിൽ ക്രെജിക്കോവ പറഞ്ഞു.

Barbora Krejcikova beats Anastasia Pavlyuchenkova to win maiden French Open titlle
Author
Paris, First Published Jun 12, 2021, 9:07 PM IST

പാരീസ്: ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിള്‍സ് ചാമ്പ്യൻ. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്കോർ 6-1, 2-6, 6-4.

ക്രെജിക്കോവയുടെ ആദ്യ ​ഗ്രാൻസ്ലാം കിരീടമാണിത്. താനൊരു ​ഗ്രാൻസ്ലാം കിരീടം നേടിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങിൽ ക്രെജിക്കോവ പറഞ്ഞു. കരിയറിൽ 52 ​ഗ്രാൻസ്ലാമുകളിൽ കളിച്ച പാവ്‌ല്യുചെങ്കോവക്ക് ആദ്യ ​ഗ്രാൻസ്ലാം ഫൈനലിൽ കിരീടം സ്വന്തമാക്കാനായില്ല.

പാവ്‌ല്യുചെങ്കോവക്ക് കാര്യമായ അവസരങ്ങളൊന്നും നൽകാതെ ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്ക്ക് പക്ഷെ രണ്ടാം സെറ്റിൽ ആ മികവ് നിലനിർത്താനായില്ല. ശക്തയായി തിരിച്ചടിച്ച പാവ്‌ല്യുചെങ്കോ രണ്ടാം സെറ്റ് സ്വന്തമാക്കി കരുത്തു കാട്ടിയെങ്കിലും നിർണായക മൂന്നാം സെറ്റിൽ മികവിലേക്കുയർന്ന ക്രെജിക്കോവ കന്നി കീരിടത്തിൽ മുത്തമിട്ടു.

40 വർഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസിൽ ഒരു ചെക്ക് താരം കിരീടം നേടുന്നത്. 1981ൽ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം നേടിയ ചെക്ക് താരം.

Follow Us:
Download App:
  • android
  • ios