ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവര്‍ണദിനം, ആർച്ചറിയിലും ഷൂട്ടിംഗിലുമടക്കം 4 സ്വര്‍ണം; മെഡല്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ്

Published : Sep 30, 2026, 03:31 PM IST
Indian Arcehry Team

Synopsis

കോംപൗണ്ട് മിക്സ്ഡ് ടീം സ്വർണ്ണം നേടുകയും തകർപ്പൻ ജയത്തോടെ 2028 ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത ഉറപ്പിക്കുകയും ചെയ്തു.

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്‍റെ പതിനൊന്നാം ദിനത്തിൽ ഇന്ത്യയുടെ സ്വർണ്ണ വേട്ട. കോംപൗണ്ട് ആർച്ചറിയിലെ മൂന്ന് സ്വർണ്ണ മെഡലുകളും സ്വന്തമാക്കി ഇന്ത്യ ക്ലീൻ സ്വീപ്പ് പൂർത്തിയാക്കി. വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ ചൈനയെ 238-234 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ സംഘം ആര്‍ച്ചറിയിലെ സ്വർണ്ണ വേട്ടയ്ക്ക് തുടക്കമിട്ടത്. ദക്ഷിണ കൊറിയയുടെ ലോക റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് ഇന്ത്യ സ്വർണ്ണം നിലനിർത്തിയത്.

പിന്നാലെ കോംപൗണ്ട് മിക്സ്ഡ് ടീം സ്വർണ്ണം നേടുകയും തകർപ്പൻ ജയത്തോടെ 2028 ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഫൈനലിൽ ചൈനയെ തകർത്ത് പുരുഷ കോംപൗണ്ട് ടീമും സ്വർണ്ണം നേടിയതോടെ ആർച്ചറിയിൽ ഇന്ത്യൻ സംഘം സ്വപ്നസമാനമായ ഹാട്രിക് തികച്ചു. ഷൂട്ടിംഗ് ട്രാപ്പ് മിക്സ്ഡ് ടീം ഫൈനലിൽ നീരു ദണ്ഡ - കൈനൻ ചെനായി സഖ്യം ഇന്ത്യയ്ക്കായി മറ്റൊരു സ്വർണം കൂടി സമ്മാനിച്ചു. മത്സരത്തിന്‍റെ തുടക്കത്തിൽ പിഴവുകൾ വരുത്തിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ സഖ്യം ഖത്തറിനെ ഒരൊറ്റ പോയിന്‍റിന് മറികടന്നാണ് ഒന്നാമതെത്തിയത്. നീരു ദണ്ഡ രണ്ട് ദിവസത്തിനിടെ നേടുന്ന രണ്ടാം സ്വർണ്ണ മെഡലാണിത്.

ബോക്സിംഗ് റിംഗിൽ വനിതകളുടെ 60 കിലോഗ്രാം സെമിഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിൽ തോൽവി വഴങ്ങിയ പ്രിയ ഘംഗാസ് വെങ്കല മെഡൽ സ്വന്തമാക്കി. അതേസമയം, 75 കിലോഗ്രാം വിഭാഗത്തിൽ നാറ്റാലിയ ബോഗ്ദാനോവയെ 3-2 ന് തകർത്ത് ഇന്ത്യയുടെ സ്റ്റാർ ബോക്സർ ലൗലിന ബോർഗോഹെയ്ൻ ഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ചു. വനിതാ സ്ക്വാഷ് ടീമും സെമിഫൈനലിലേക്ക് മുന്നേറി മെഡൽ ഉറപ്പിച്ചിട്ടുണ്ട്.

ജുഡോ 48 കിലോഗ്രാം റിപ്പഷാജിൽ മത്സരിച്ച അസ്മിത ഡേയ്ക്ക് വെങ്കല മെഡൽ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നു. ആർച്ചറിയിലെയും ഷൂട്ടിംഗിലെയും സുവർണ്ണ നേട്ടങ്ങളോടെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഇന്ന് നാലു സ്വര്‍ണം കൂടി നേടിയതോടെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഇരട്ടയക്കം തൊട്ടു.10 സ്വര്‍ണവും 21 വെള്ളിയും 28 വെങ്കലവുമടക്കം 59 മെഡലുകളുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.149 സ്വര്‍ണവും 66 വെള്ളിയും 54 വെങ്കലവുമടക്കം 269 മെഡലുകളുമായി ചൈന തന്നെയാണ് ഒന്നാമത്. 46 സ്വര്‍ണമടക്കം 191 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ രണ്ടാമതും 24 സ്വര്‍ണമടക്കം 99 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ
ഷൂട്ട് ഓഫിൽ കൊറിയയെ വീഴ്ത്തി, ഏഷ്യൻ ഗെയിംസില്‍ രണ്ടാം സ്വര്‍ണം അമ്പെയ്തിട്ട് ആര്‍ച്ചറി ടീം