അണ്ടര്‍ 23 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്; ജോയ്‌സ് അഷിതക്ക് സ്വർണ്ണം, നിവേദ്യക്കും ശ്രുതിക്കും വെങ്കലം

Published : Aug 11, 2026, 05:23 PM IST
Commonwealth Fencing

Synopsis

നിവേദ്യ കഴിഞ്ഞ കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലും വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്നു. കൂടാതെ ടീം ഇനത്തിൽ വെള്ളിയും. ഇടുക്കി, രാജാക്കാട് സ്വദേശിനിയായ നിവേദ്യയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിലെ ഒരേയൊരു മലയാളി.

തിരുവനന്തപുരം: നൈജീരിയയിലെ ലാഗോസിൽ നടക്കുന്ന കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സായ് നാഷണൽ സെന്‍റർ ഓഫ് എക്സലൻസിലെ കായികതാരങ്ങൾക്ക് മികച്ച നേട്ടം. വനിതാ ഫോയിൽ വ്യക്തിഗത ഇനത്തിൽ ജോയ്സ് ആഷിത (തമിഴ്നാട് ) സ്വർണം നേടി. വേഗതയും തന്ത്രപരമായ മികവും കൊണ്ട് ഫോയിൽ മത്സരങ്ങളിൽ ശ്രദ്ധേയയായ ഇരുപതുകാരി ജോയ്‌സ് ആഷിത തന്‍റെ എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യക്കായി ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് .

വനിതാ എപ്പി വ്യക്തിഗത ഇനത്തിൽ നിവേദ്യ എൽ നായർ വെങ്കല മെഡൽ സ്വന്തമാക്കി. സായ് സെന്‍ററിൽ ലഭിച്ച മികച്ച സാങ്കേതിക പരിശീലനത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും പ്രതിഫലനമായിരുന്നു നിവേദ്യയുടെ പോരാട്ടത്തിലുടനീളം കണ്ടത്. നിവേദ്യ കഴിഞ്ഞ കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലും വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്നു. കൂടാതെ ടീം ഇനത്തിൽ വെള്ളിയും. ഇടുക്കി, രാജാക്കാട് സ്വദേശിനിയായ നിവേദ്യയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിലെ ഒരേയൊരു മലയാളി. നിലവിൽ ഡിഗ്രിക്ക് പഠിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ മികച്ച റെക്കോർഡ് നിവേദ്യക്കുണ്ട്. ഇന്തോനേഷ്യയിലും ബഹ്റൈനിലും വെച്ച് നടന്ന ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്, റിയാദിൽ വെച്ച് നടന്ന ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.

വനിതാ സാബിർ വ്യക്തിഗത ഇനത്തിൽ ശ്രുതി ജോഷിയും (മുംബൈ) വെങ്കല മെഡൽ നേടി. സീനിയർ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലെ ഈ നേട്ടം സായ് തിരുവനന്തപുരത്തിന്‍റെ മെഡൽ നേട്ടം ഇരട്ടിയാക്കി. മൂവരും 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്. സായ് റീജിയണൽ സെന്‍റർ, തിരുവനന്തപുരത്ത് കോച്ച് സാഗർ എസ് ലാഗുവിന്‍റെ കീഴിലാണ് മൂന്ന് ഫെൻസിങ് താരങ്ങളുടെയും പരിശീലനം. ഈ നേട്ടത്തോടെ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ ഫെൻസിംഗ് കൂടുതൽ കരുത്താർജിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

‘ഞങ്ങളെ എല്ലാവർക്കും പേടിയായിരുന്നു’; കോമൺവെൽത്ത് ഗെയിംസിലെ അനുഭവങ്ങൾ പ്രധാനമന്ത്രിയോട് പങ്കുവെച്ച് താരങ്ങൾ
ലോകവേദിയിൽ ഇന്ത്യക്ക് ഇരട്ടനേട്ടം; ബസന്തിനും ഷാനവാസിനും മെഡൽ