എസ്‌പിബി: വിശ്വനാഥന്‍ ആനന്ദിനെ ഇതിഹാസമാക്കിയ മൂന്നക്ഷരം, മഹാനായ മനുഷ്യന്‍

By Web TeamFirst Published Sep 26, 2020, 10:46 AM IST
Highlights

തന്‍റെ ജീവിതം മാറ്റിമറിച്ച ഒരോര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്

ചെന്നൈ: സംഗീത വിസ്‌മയം എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയതിന്‍റെ കണ്ണീരിലാണ് ആരാധകര്‍. എസ്പിബിയെ അദേഹത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത മനോഹര ഗാനങ്ങളിലൂടെ ഓര്‍ത്തെടുക്കുകയാണ് ഏവരും. പതിനാലാം വയസില്‍ തന്‍റെ കരിയര്‍ മാറ്റിമറിച്ച എസ്‌പിബിയുടെ ഇടപെടലിനെ കുറിച്ചുള്ള ഓര്‍മ്മ ഈ വേളയില്‍ പങ്കുവെച്ചിരിക്കുകയാണ് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്. 

'സൗമ്യനായ മഹാപ്രതിഭ വിടവാങ്ങി എന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. അദേഹമായിരുന്നു എന്‍റെ ആദ്യ സ്‌പോണ്‍സര്‍. 1983ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങളുടെ ചെന്നൈ കോള്‍ട്ട്‌സ് ടീമിന്‍റെ സ്‌പോണ്‍സര്‍ എസ്‌പിബിയായിരുന്നു. ജീവിതത്തില്‍ കണ്ടുമുട്ടിയ ഹൃദയസ്‌പര്‍ശിയായ മനുഷ്യരില്‍ ഒരാളാണ് അദേഹം. എസ്‌പിബിയുടെ ഗാനങ്ങള്‍ നമ്മെ ഏറെ സന്തോഷിപ്പിച്ചു' എന്നായിരുന്നു വിശ്വനാഥന്‍ ആനന്ദിന്‍റെ ട്വീറ്റ്. 

 

ആനന്ദിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം

1983ലെ ദേശീയ സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് വേദിയായത് മുംബൈ. മദ്രാസ് കോള്‍ട്ട്‌സ് എന്ന പേരിലുള്ള നാലംഗ ടീമിന് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കണമെങ്കില്‍ സ്‌പോണ്‍സറെ വേണം. കോള്‍ട്ട്‌സില്‍ പ്രതിഭാശാലിയായ ഒരു പതിനാലുകാരനുമുണ്ട് എന്ന് സുഹൃത്തുവഴി അറിഞ്ഞ എസ്‌പിബി രണ്ടാമതൊന്നും ചിന്തിച്ചില്ല. സംഘാടകര്‍ക്ക് ഉടന്‍ തുക കൈമാറാം എന്ന് അദേഹം ഏറ്റു. ജയത്തോടെ വിശ്വനാഥന്‍ ആനന്ദ് ദേശീയ തലത്തില്‍ വരവറിയിച്ച ടൂര്‍ണമെന്‍റായി അതുമാറി. ഇതിന് പിന്നാലെ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ആനന്ദിനെ തേടി ജയമെത്തി. പിന്നെയെല്ലാം ചരിത്രം. 

ചെസ് ഇതിഹാസത്തിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായ ടൂര്‍ണമെന്‍റായിരുന്നു മുംബൈയിലേത് എന്ന് ആനന്ദിന്‍റെ ഭാര്യ അരുണ ഓര്‍മ്മിച്ചു. എസ്‌പിബിയുടെ ഗാനങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്നത് ആനന്ദിന്‍റെ ശീലമായിരുന്നു എന്നും അവര്‍ പറഞ്ഞു. മുംബൈയിലെ ദേശീയ ടൂര്‍ണമെന്‍റിന് ശേഷം ആനന്ദിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങളില്‍ എസ്‌പി‌ബി പങ്കെടുത്തിരുന്നു. പിന്നീട് നിരവധി തവണ ഇരുവരും കണ്ടുമുട്ടിട്ടുണ്ട്. 

എസ്‍പിബിക്ക് വിട; സംസ്കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ

click me!