ഒന്നൊന്നര തിരിച്ചുവരവില്‍ സ്വരേവിനെ മറികടന്നു; യുഎസ് ഓപ്പണ്‍ ഡൊമിനിക്‌ തീമിന്

By Web TeamFirst Published Sep 14, 2020, 7:00 AM IST
Highlights

അഞ്ച് സെറ്റുകൾ നീണ്ട മത്സരത്തിനൊടുവിലാണ് തീം ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്. രണ്ട് സെറ്റുകൾക്ക് പിന്നിൽ നിന്ന ശേഷം തീം മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്  തീമിന്. അഞ്ച് സെറ്റ് നീണ്ട ത്രസിപ്പിക്കുന്ന പോരില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് തീം ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയത്. സ്‌കോര്‍ 2-6, 4-6, 6-4, 6-3, 7-6. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തീമിന്റെ തിരിച്ചുവരവ്. അവസാന സെറ്റില്‍ ടൈബ്രേക്കിലൂടെ വിജയികളെ തീരുമാനിച്ചത്. 

ഇതിന് മുമ്പ് രണ്ട് ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ കളിച്ചിട്ടുളള താരമാണ് തീം. 2018, 2019 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിനോട് പരാജയപ്പെട്ടു. ഈ വര്‍ഷം ആദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നോവാക് ജോക്കോവിച്ചിനോടും തീമിന് തോല്‍വി സമ്മതിക്കേണ്ടിവന്നു. യുഎസ് ഓപ്പണില്‍ ഇത്തവണ കിരീടം നേടുമെന്ന് കരുതിയ താരങ്ങളില്‍ പ്രധാനിയായിരുന്നു തീം. ടൂര്‍ണമെന്റിനിടെ ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ടതോടെ കിരീടം തീമിനാണെന്ന് പലരും പ്രവചിച്ചു. മറുവശത്ത് സ്വരേവിനാവട്ടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 

 

THIEM'S TIME IS NOW ⏰

Dominic Thiem is a champion. pic.twitter.com/morydl1MSY

— US Open Tennis (@usopen)

 

എന്നാല്‍ ഫൈനലില്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് കരുതി. ആദ്യ രണ്ട് സെറ്റും അനായാസം സ്വരേവ് സ്വന്തമാക്കി. എന്നാല്‍ മൂന്നും നാലും സെറ്റില്‍ തീം തിരിച്ചടിച്ചു. പിന്നീട് നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. ഇരുവരും ഓപ്പത്തിനൊപ്പം. മത്സരം 6-6ല്‍ എത്തിയതോടെ ട്രൈ ബ്രേക്കിലേക്ക്. സ്വരേവിന്റെ രണ്ട് സെര്‍വുകള്‍ ഭേദിച്ച് തീം കിരീടമുയര്‍ത്തി.

71 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് രണ്ട് സെറ്റ് പിറകില്‍ നിന്ന് ശേഷം തിരിച്ചുവന്ന് ഒരു താരം ചാംപ്യന്‍ഷിപ്പ് നേടുന്നത്. മുമ്പ് 1949ലാണ് ഇത്തരത്തില്‍ സംഭവിച്ചത്. അന്ന് അമേരിക്കന്‍ താരം ടെഡ് ഷ്രോഡര്‍ക്കെതിരെ പാഞ്ചോ ഗോണ്‍സാലസ് കിരീടം നേടിയിരുന്നു. അന്ന് യുഎസ് ചാംപ്യന്‍ഷിപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. പുരുഷ സിംഗിള്‍സില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന 150 -മാത്തെ താരമാണ് ഡൊമിനിക് തീം.

വനിതാ വിഭാഗത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക കിരീടം നേടിയിരുന്നു. ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ 1-6, 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഒസാക കിരീടം നേടിയത്.
 

click me!