ഹിമ ദാസ് പരിശീലനത്തിനായി കേരളത്തിലേക്ക്

By Web TeamFirst Published Oct 28, 2019, 8:03 PM IST
Highlights

പരിക്ക് കാരണം ലോകചാംപ്യന്‍ഷിപ്പ് നഷ്ടമായ സ്റ്റാര്‍ അത് ലറ്റ് ഹിമ ദാസിന്‍റെ മടങ്ങിവരവാണ് സവിശേഷത. മലയാളി താരങ്ങളായ മുഹമ്മദ് അനസ് ,നോഹ നിര്‍മൽ ടോം, വി കെ വിസ്മയ  എന്നിവര്‍ക്കൊപ്പം ഹര്‍ഡിൽസ് താരം എം പി ജാബിറും ക്യാംപിലുണ്ടാകും.

തിരുവനന്തപുരം: ഹിമ ദാസും ,മുഹമ്മദ് അനസും , വി.കെ.വിസ്മയയും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനായി തിരുവനന്തപുരത്തേക്ക്. 400 മീറ്ററിലും ഹര്‍ഡിൽസിലും മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ക്യാംപ് ആണ് കാര്യവട്ടം എല്‍എന്‍സിപിഇയിൽ നടക്കുക.

400 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കുന്ന വിദേശ കോച്ച് ഗലീന ബുഖാറീനയുടെ താത്പര്യപ്രകാരമാണ് ഇന്ത്യന്‍ ക്യാംപ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണമെഡൽ സ്വന്തമാക്കുകയും ലോകചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുകയും ചെയ്ത വനിത , മിക്സ്ഡ് റിലേ ടീമംഗങ്ങള്‍ പട്യാലയിൽ നിന്ന് കാര്യവട്ടം എൽഎന്‍സിപിഇയിലേക്ക് മാറും.

അടുത്ത മാസം 15ന് ക്യാംപ് തുടങ്ങാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ അത് ലറ്റിക്സ് ടീം ഡെപ്യൂട്ടി ചീഫ് കോച്ച് പി  കൃഷ്ണന്‍നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പരിക്ക് കാരണം ലോകചാംപ്യന്‍ഷിപ്പ് നഷ്ടമായ സ്റ്റാര്‍ അത് ലറ്റ് ഹിമ ദാസിന്‍റെ മടങ്ങിവരവാണ് സവിശേഷത. മലയാളി താരങ്ങളായ മുഹമ്മദ് അനസ് , നോഹ നിര്‍മൽ ടോം, വി കെ വിസ്മയ  എന്നിവര്‍ക്കൊപ്പം ഹര്‍ഡിൽസ് താരം എം പി ജാബിറും ക്യാംപിലുണ്ടാകും.

ലോകചാംപ്യന്‍ഷിപ്പ് റിലേ ടീമിലംഗമായിരുന്ന ജിസ്ന മാത്യു പരിശീലക പിടി ഉഷയ്ക്കൊപ്പം, കോഴിക്കോട് തുടരും. മിക്സ്ഡ് റിലേ ടീമിന് പിന്നാലെ പുരുഷ വനിതാ റിലേയിലും ഒളിംപിക്സ് യോഗ്യത ഉറപ്പാക്കാന്‍ കാര്യവട്ടത്തെ പരിശീലനം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അത്‌ലറ്റിക് ഫെഡറേഷന്‍.

click me!