കോമൺവെൽത്ത് ഗെയിംസ് തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

Published : Jul 23, 2026, 02:15 PM IST
Arunkumar Judo

Synopsis

ജൂഡോയിൽ ഇന്ത്യ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ വെച്ചുപുലർത്തിയ താരങ്ങളിൽ ഒരാളായിരുന്നു അരുൺ കുമാർ. അടിയന്തരമായി മറ്റൊരു താരത്തെ പകരക്കാരനായി അയക്കാൻ സാധിക്കില്ലെന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു.

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ ടൂർണമെന്‍റിൽ നിന്ന് അയോഗ്യനാക്കി. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് അരുൺ ഇന്ത്യക്കായി മത്സരിക്കേണ്ടിയിരുന്നത്. മത്സരങ്ങൾക്ക് തുടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ അരുൺ നിരോധിത മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (നാഡ) നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റർനാഷണൽ ജൂഡോ ഫെഡറേഷനാണ് കടുത്ത തീരുമാനമെടുത്തത്. വിവരം സംഘാടകരെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെയും അറിയിച്ചതോടെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക എൻട്രി സിസ്റ്റത്തിൽ നിന്ന് അരുണിന്‍റെപേര് നീക്കം ചെയ്തു. അരുൺ കുമാറിന് ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ഇന്‍റർനാഷണൽ ജൂഡോ ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ താരത്തെ മത്സരങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയെന്ന് ഗെയിംസ് സംഘാടക സമിതി പ്രതിനിധി എലീസ് ആൻഡേഴ്സണും വ്യക്തമാക്കി.

ജൂഡോയിൽ ഇന്ത്യ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ വെച്ചുപുലർത്തിയ താരങ്ങളിൽ ഒരാളായിരുന്നു അരുൺ കുമാർ. അടിയന്തരമായി മറ്റൊരു താരത്തെ പകരക്കാരനായി അയക്കാൻ സാധിക്കില്ലെന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു. തന്‍റെ ഭാഗം വിശദീകരിക്കാൻ 15 ദിവസത്തെ സമയം അരുണിന് ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള ഉത്തേജക വിരുദ്ധ നിയമങ്ങൾ അനുസരിച്ച് ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു താരത്തെ പകരം ഇറക്കാൻ സാങ്കേതികമായി കഴിയില്ല. അരുണിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്ന് ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് മുകേഷ് കുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ, ചരിത്രമെഴുതി ലവ്ലിന ബോർഗോഹെയ്ൻ
ടോക്കിയോയിൽ ചരിത്രമെഴുതി പി വി സിന്ധു, യമഗുച്ചിയെ തകർത്ത് ജപ്പാൻ ഓപ്പൺ കിരീടം