'ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ ആ 6 ഗുസ്തി താരങ്ങളില്‍ ഒരാൾ ഞാനാണ്'; വെളിപ്പെടുത്തലുമായി വനിതാ താരം

Published : May 03, 2026, 05:52 PM IST
Brij Bhushan Sharan Singh

Synopsis

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെയാണ് എന്ന് എനിക്ക് ഇന്ന് പറയേണ്ടി വരികയാണ്. ഞങ്ങളുടെ മൊഴിയെടുക്കൽ നടപടികൾ കോടതിയിൽ ഇപ്പോഴും തുടരുകയാണ്.

ദില്ലി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വിനേഷ് ആദ്യമായി പരസ്യമായി വെളിപ്പെടുത്തി. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് വിനേഷ് മൗനം വെടിഞ്ഞത്.

സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇരകളുടെ അന്തസ്സ് സംരക്ഷിക്കാൻ ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്നും വിനേഷ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വെളിപ്പെടുത്തലുകൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് വിനേഷ് വീഡിയോയിൽ വ്യക്തമാക്കുന്നു.

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെയാണ് എന്ന് എനിക്ക് ഇന്ന് പറയേണ്ടി വരികയാണ്. ഞങ്ങളുടെ മൊഴിയെടുക്കൽ നടപടികൾ കോടതിയിൽ ഇപ്പോഴും തുടരുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്ര കഠിനമാണെന്ന് ഓരോ കായികതാരത്തിനും അറിയാം. ബ്രിജ് ഭൂഷണിന്‍റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി ട്രയൽസുകൾ നടത്താനുള്ള ഫെഡറേഷന്‍റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്.

ബ്രിജ് ഭൂഷണിന്‍റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗർ മഹാവിദ്യാലയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഫെഡറേഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും സഞ്ജയ് സിംഗിലൂടെ ബ്രിജ് ഭൂഷൺ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് വിനേഷ് ആരോപിച്ചു. റഫറിമാരെ നിശ്ചയിക്കുന്നതിലും പോയിന്‍റുകൾ നൽകുന്നതിലും ബ്രിജ് ഭൂഷണിന്‍റെ ആളുകൾ സ്വാധീനം ചെലുത്തുമെന്നും, അവിടെ നിഷ്പക്ഷമായ ഒരു മത്സരം അസാധ്യമാണെന്നും വിനേഷ് ചൂണ്ടിക്കാട്ടി.

തന്നെ ഉപദ്രവിച്ച ഒരാളുടെ തട്ടകത്തിൽ ചെന്ന് മത്സരിക്കുക എന്നത് മാനസികമായി തകർക്കുന്ന കാര്യമാണെന്ന് വിനേഷ് തുറന്നുപറഞ്ഞു. 2023-ൽ ബ്രിജ് ഭൂഷണെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന ഐതിഹാസിക സമരത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന താരമാണ് വിനേഷ്. ഒളിമ്പിക് ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷിനെ പോലീസ് തെരുവിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

ബ്രിജ് ഭൂഷൺ എല്ലാ ആരോപണങ്ങളും നിഷേധിക്കുമ്പോഴും, വിനേഷ് ഉൾപ്പെടെയുള്ള ആറ് താരങ്ങൾ നൽകിയ കേസ് ഗൗരവകരമായി മുന്നോട്ട് പോവുകയാണ്. ഏഷ്യൻ ഗെയിംസിനായുള്ള തയ്യാറെടുപ്പിനിടെ വിനേഷ് നടത്തിയ ഈ വെളിപ്പെടുത്തൽ കേന്ദ്ര കായിക മന്ത്രാലയത്തെയും ഫെഡറേഷനെയും വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം