
ലൂസാൻ (സ്വിറ്റ്സർലൻഡ്): 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങള്‍ രംഗത്ത്. ഇന്ത്യക്ക് പുറമെ ജർമനി, ഹംഗറി, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഒളിമ്പിക്സ് വേദിക്കായി പ്രധാനമായും മത്സര രംഗത്തുള്ളതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) വ്യക്തമാക്കി. 2036 ഒളിമ്പിക്സ് വേദി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടിക്രമങ്ങൾ തുടങ്ങിയതായും ഐഒസി വ്യക്തമാക്കി.
ഒളിമ്പിക്സ് ആതിഥേയത്വത്തിനായി മത്സരിക്കുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക അടുത്തമാസം ഐ ഒ സി ഔദ്യോഗികമായി പുറത്തുവിടും. തുടർന്ന്, നിർദിഷ്ട വേദികളെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ 2027 മാർച്ചിന് മുമ്പായി ഒളിമ്പിക് കമ്മിറ്റി പൂർത്തിയാക്കും. ഈ വിലയിരുത്തലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളുമായി 2027 മാർച്ചിൽ ചർച്ചകൾ ആരംഭിക്കുകയും, 2029 പകുതിയോടെ അന്തിമ വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. നൂറിനു മുകളിലുള്ള ഐഒസി അംഗരാജ്യങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപനം. 2040, 2044 ഒളിമ്പിക്സ് വേദികളെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും ഇതോട് അനുബന്ധിച്ച് നടക്കും.
വേദികളുടെ മാസ്റ്റർപ്ലാൻ, കായികതാരങ്ങൾക്കായുള്ള സൗകര്യങ്ങൾ, ഗെയിംസിന്‍റെ നടത്തിപ്പിനുള്ള സാമ്പത്തിക സ്രോതസ്സ്, രാഷ്ട്രീയ നേതൃത്വത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും പിന്തുണ, കായികമാമാങ്കം വിജയകരമായി പൂർത്തിയാക്കാനുള്ള പ്രാപ്തി, ഒളിമ്പിക്സിന് ശേഷം അടിസ്ഥാനസൗകര്യങ്ങൾ പ്രാദേശിക സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനുള്ള ദീർഘകാല പദ്ധതി എന്നിവയാണ് വേദി നിർണ്ണയിക്കുന്നതിലെ പ്രധാന മാനദണ്ഡങ്ങൾ.
ഇന്ത്യയിൽ ഗുജറാത്തിലെ അഹമ്മദാബാദാണ് പ്രധാനമായും ഒളിമ്പിക് വേദിക്കായി പരിഗണിക്കുന്നത്. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകുന്നുണ്ട്. 2022ലെ ഫുട്ബോള്‍ ലോകകപ്പ് ഉള്‍പ്പെടെ നടത്തി കരുത്തുകാട്ടിയ ഖത്തറാണ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താൻ സാധ്യതയുള്ള ഒരു രാജ്യം. എന്നാല്‍ ഒളിമ്പിക്സ് നടക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഖത്തറിലെ ചൂടേറിയ കാലവസ്ഥ വില്ലനാവുമെന്നാണ് കരുതുന്നത്. തലസ്ഥാനമായ സോളിനെയാണ് ദക്ഷിണ കൊറിയ ഒളിമ്പിക് വേദിയായി ഉയര്‍ത്തിക്കാട്ടുന്നത്. ജർമൻ നഗരമായ മ്യൂണിക്ക് ആണ് അഹമ്മദാബാദിന് വെല്ലുവിളിയുയർത്തുന്ന മറ്റൊരു നഗരം. ഈ മൂന്ന് നഗരങ്ങളിൽ ഒന്നിനാണ് ആതിഥേയത്വം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയെന്നാണ് കായിക വിദഗ്ധരുടെ വിലയിരുത്തൽ. 2032ലെ ഒളിമ്പിക്സിന് ഓസ്ട്രേലിയയിലെ ബ്രിസേബേനാണ് വേദിയാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക