Peng Shuai : പെങ് ഷൂയി സുരക്ഷിതയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, വീഡിയോ കോളില്‍ സംസാരിച്ചു

By Web TeamFirst Published Dec 2, 2021, 7:19 PM IST
Highlights

പെങിനെ കാണാനില്ലെന്ന വാര്‍ത്തകളെ തുടര്‍ന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍(WTA) ചൈനയില്‍ നടക്കാനിരുന്ന എല്ലാ ടെന്നീസ് ടൂര്‍ണമെന്‍റുകളും റദ്ദാക്കിയതിന് പിന്നാലെ നവംബര്‍ 21നാണ് പെങുമായി ആദ്യം സംസാരിച്ചതെന്നും ഇതിനുശേഷം ഒളിംപിക് കമ്മിറ്റി സംഘം ഇന്നലെയും പെങുമായി വീഡിയോ കോളില്‍ സംസാരിച്ചുവെന്നും കമ്മിറ്റി വ്യക്തമാക്കി.

ബീജിംഗ്: ചൈനീസ് മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ(Zhang Gaoli) ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുയി(Peng Shuai) സുരക്ഷിതയാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(International Olympic Committee). പെങുമായി രണ്ടാമതും വിഡിയോ കോളിൽ സംസാരിച്ചുവെന്ന് സമിതി വ്യക്തമാക്കി. പെങ് സുരക്ഷിതയായിരിക്കുന്നുവെന്നും ഭയപ്പെടാനൊന്നുമില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

പെങിനെ കാണാനില്ലെന്ന വാര്‍ത്തകളെ തുടര്‍ന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍(WTA) ചൈനയില്‍ നടക്കാനിരുന്ന എല്ലാ ടെന്നീസ് ടൂര്‍ണമെന്‍റുകളും റദ്ദാക്കിയതിന് പിന്നാലെ നവംബര്‍ 21നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബാക്ക് പെങുമായി ആദ്യം സംസാരിച്ചതെന്നും ഇതിനുശേഷം ഒളിംപിക് കമ്മിറ്റി സംഘം ഇന്നലെയും പെങുമായി വീഡിയോ കോളില്‍ സംസാരിച്ചുവെന്നും കമ്മിറ്റി വ്യക്തമാക്കി.

ആദ്യം പെങുമായുള്ള വിഡിയോ കോളിന് പിന്നാലെ ഒളിംപിക് സമിതി ചെയർമാൻ തോമസ് ബകിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പെങിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു ചോദ്യവും ബകിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്നായിരുന്നു വിമർശനം. എന്നാൽ വീഴ്ച പറ്റിയിട്ടില്ലെന്നും നയപരമായ സമീപനമാണ് കൈക്കൊണ്ടതെന്നും കമ്മിറ്റി വിശദീകരിച്ചു.

പെങിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നും തുടര്‍ന്നും ആശയവിനിമയം നടത്തുമെന്നും അറിയിച്ച കമ്മിറ്റി ജനുവരിയില്‍ നേരില്‍ക്കണ്ട് സംസാരിക്കാമെന്നും പെങിന് ഉറപ്പ് നല്‍കിയതായും വ്യക്തമാക്കി. 2022ലെ ശൈത്യകാല ഒളിംപിക്സിന് ഫെബ്രുവരിയില്‍ ബീജിംഗ് വേദിയാവാനിരിക്കെയാണ് കമ്മിറ്റിയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്.

ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷമായി പെങ്

ആരോപണം ഉന്നതിച്ചതിന് പിന്നാലെ പെങ് പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷമായതോടെ ഷുയി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്‌ടാഗില്‍ താരത്തിനായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. ടെന്നീസ് സൂപ്പര്‍താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, സിമോണ ഹാലെപ്പ് തുടങ്ങിയവര്‍ പ്രചാരണത്തിന്‍റെ ഭാഗമാവുകയും ചെയ്തു.എന്നാല്‍ വിവാദങ്ങളെ കുറിച്ച് അറിയില്ലെന്നായിരുന്നു ചൈയുടെ പ്രതികരണം.

നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്ബോ വഴിയാണ് പെങ് ഷുയി, സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണം  ഉന്നയിച്ചത്. പോസ്റ്റ് ഉടന്‍ വെയ്‌ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ കനത്ത സെന്‍സറിംഗ് നടന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പെങ് ഷുയി- ചൈനയിലെ സൂപ്പര്‍ വുമണ്‍

ചൈനയിലെ ഏറ്റവും പ്രശസ്‌തയായ കായിക താരങ്ങളിലൊരാളാണ് പെങ് ഷുവായി. ലോക മുൻ ഒന്നാം നമ്പർ ഡബിൾസ് താരമാണ്. ഒന്നാം റാങ്കിലെത്തിയ ആദ്യ ചൈനീസ് താരം എന്ന നേട്ടം പെങ്ങിനുണ്ട്. 2013ൽ വിംബിൾഡനും 2014ല്‍ ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടവും സ്വന്തമാക്കി. കരിയറിലാകെ രണ്ട് സിംഗിള്‍സും 22 ഡബിള്‍സ് കിരീടങ്ങളുമുയര്‍ത്തി. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. മൂന്ന് ഒളിംപിക്സിൽ പങ്കെടുത്തതും സവിശേഷതയാണ്. 

click me!