കാര്‍ഗില്‍ വിജയ് ദിനത്തില്‍ പാകിസ്ഥാന്‍ താരത്തെ ഇടിച്ചിട്ട് ജദുമണി സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ക്വാര്‍ട്ടറിലേക്ക്

Published : Jul 27, 2026, 10:31 AM IST
Jadumani

Synopsis

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യയുടെ ജദുമണി സിങ് പാകിസ്ഥാന്‍റെ സുമമ റഹ്മാനെ 5-0ന് പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കാര്‍ഗില്‍ വിജയ് ദിനത്തില്‍ നേടിയ ഈ വിജയം, താരം കാര്‍ഗില്‍ യുദ്ധത്തിലെ ധീരജവാന്മാര്‍ക്കായി സമര്‍പ്പിച്ചു.

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് റിംഗില്‍ പാകിസ്ഥാന്റെ സുമമ റഹ്മാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആവേശവും വാശിയും നിറഞ്ഞ മത്സരത്തില്‍ എതിരാളിയെ 5-0 എന്ന നിലയില്‍ തകര്‍ത്താണ് ഇന്ത്യയുടെ ജദുമണി സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 'ഭാരത് മാതാ കി ജയ്', 'ഇന്ത്യാ, ഇന്ത്യാ' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കാണികള്‍ താരത്തിന് പിന്തുണ നല്‍കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച സാങ്കേതിക മികവും സംയമനവുമാണ് ആര്‍മി ബോക്‌സറായ ജദുമണി പുറത്തെടുത്തത്. ആദ്യ റൗണ്ടില്‍ എതിരാളിയുടെ ശൈലി മനസ്സിലാക്കാന്‍ ശ്രദ്ധിച്ച ജദുമണി, പിന്നീട് മികച്ച ഹുക്കുകളിലൂടെയും നേത്രത്തിലുള്ള പഞ്ച് കളിലൂടെയും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ജദുമണിയുടെ വേഗതയേറിയ ആക്രമണങ്ങള്‍ പാക് താരത്തെ പ്രതിരോധത്തിലാക്കി. മത്സരത്തിനിടയില്‍ ജദുമണി തൊടുത്ത ശക്തമായ വലന്‍കൈയന്‍ പഞ്ചിനെ തുടര്‍ന്ന് റഫറി, സുമമ റഹ്മാന് സ്റ്റാന്‍ഡിങ് കൗണ്ട് നല്‍കേണ്ടി വന്നു. വിജയം ഉറപ്പിച്ചതോടെ അവസാന റൗണ്ടില്‍ ജദുമണി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് റിംഗില്‍ നിലയുറപ്പിച്ചത്. എതിരാളിയെ അടുത്തേക്ക് ക്ഷണിച്ച് വരുത്തി, തന്റെ മികച്ച വേഗത ഉപയോഗിച്ച് പ്രതിരോധിച്ച് പോയിന്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചു.

ജഡ്ജിമാര്‍ എല്ലാവരും ജദുമണിയുടെ പ്രകടനത്തെ അനുകൂലിച്ചതോടെ 5-0 എന്ന വ്യക്തമായ മാര്‍ജിനില്‍ താരം വിജയം സ്വന്തമാക്കുകയായിരുന്നു. കാര്‍ഗില്‍ വിജയ് ദിനത്തില്‍ തന്നെ പാകിസ്താനെതിരെ ഈ വിജയം നേടാനായതിന്റെ ഇരട്ടി മധുരത്തിലാണ് ജദുമണി. മത്സരാനന്തരം താരം തന്റെ വിജയം കാര്‍ഗില്‍ യുദ്ധത്തിലെ ധീരജവാന്മാര്‍ക്കായി സമര്‍പ്പിച്ചു. ''ഈ വിജയം ഞാന്‍ കാര്‍ഗില്‍ ഹീറോകള്‍ക്ക് സമര്‍പ്പിക്കുന്നു. എല്ലാവരെയും പരാജയപ്പെടുത്തി ഇന്ത്യക്കായി സ്വര്‍ണം നേടാനാണ് എന്റെ ആഗ്രഹം.' മത്സരശേഷം ജദുമണി പറഞ്ഞു. ഈ വിജയത്തോടെ ഒരു ജയം കൂടി അകലെയാണ് ജദുമണി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ഉറപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഗ്യാനേശ്വരിക്ക് വെള്ളി; ശ്രീശങ്കറും സാജൻ പ്രകാശും ഫൈനലിൽ
ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ കായികതാരങ്ങൾ, പൂഴ്ത്തി വച്ച ലക്ഷങ്ങൾ വിലയുള്ള മത്സര ഉപകരണങ്ങൾ ഒടുവിൽ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ