
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ചാമ്പ്യനെ ഇന്നറിയാം. നിലവിലെ ചാമ്പ്യന്‍ യാനിക് സിന്നര്‍ കിരീട പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസിനെ നേരിടും. രാത്രി പതിനൊന്നരയ്ക്കാണ് ഫൈനല്‍ തുടങ്ങുക. തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം ഫൈനലിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഫ്രഞ്ച് ഓപ്പണില്‍ അല്‍കാരസ് കപ്പുയര്‍ത്തിയപ്പോള്‍ വിംബിള്‍ഡണില്‍ സിന്നറുടെ വിജയാരവം. ഓപ്പണ്‍ കാലഘട്ടത്തില്‍ രണ്ടുതാരങ്ങള്‍ തുടര്‍ച്ചയായ മൂന്ന് ഫൈനലില്‍ മുഖാമുഖം വരുന്നതും ആദ്യം.
സിന്നര്‍ ഫൈനലില്‍ ഇടം ഉറപ്പിച്ചത് ഫെലിക്‌സ് ആഗര്‍ അലിയാസിമെയെ ഒന്നിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും കിരീടംനേടിയ സിന്നര്‍ ഈവര്‍ഷം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ച 27 മത്സരങ്ങളില്‍ തോറ്റത് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മാത്രം. മുന്‍ ചാമ്പ്യന്‍ നൊവാക് ജോകോവിച്ചിനെ തകര്‍ത്താണ് 2022ലെ ചാമ്പ്യനായ അല്‍കാരസ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. 2022 ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്നറെ തോല്‍പിച്ചായിരുന്നു അല്‍കാരസിന്റെ മുന്നേറ്റം. നേര്‍ക്കുനേര്‍ കണക്കിലും മുന്നില്‍ അല്‍കാരസ്. ഇതുവരെ ഏറ്റുമുട്ടിയ 14 മത്സരങ്ങളില്‍ ഒന്‍പതില്‍ അല്‍കാസും നാലില്‍ സിന്നറും ജയിച്ചു.
വനിതാ കിരീടം സബലെങ്കയ്ക്ക്
യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ബെലാറൂസിന്റെ അരീന സബലേങ്ക. ഫൈനലില്‍ എട്ടാം സീഡായ യുഎസ് താരം അമാന്‍ഡ അനിസിമോവയെ തോല്‍പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സബലേങ്ക വീണ്ടും ചാമ്പ്യനായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലേങ്കയുടെ ജയം. സ്‌കോര്‍ 6-3, 7-6. സബലേങ്കയുടെ നാലാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2014ല്‍ സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ താരമാണ് സബലേങ്ക.