ട്രാക്കില്‍ പാലക്കാടന്‍ കാറ്റ് വീണ്ടും മുന്നില്‍; കായികോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

By Web TeamFirst Published Nov 18, 2019, 12:26 PM IST
Highlights

മൂന്നാം ദിനമായ ഇന്ന് ആകെ 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ.

കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എറണാകുളത്തെ മറികടന്ന് പാലക്കാട് വീണ്ടും മുന്നിലെത്തി. നടത്തത്തിൽ നന്ദനയും ഹാമർത്രോയിൽ ബ്ലെസി ദേവസ്യയും റെക്കോർഡിട്ടു. ചാന്ദിനിയും കെ പി സനികയും റിജോയും വാഗ്‌മയൂവും ഇരട്ട സ്വര്‍ണം സ്വന്തമാക്കി.

ജൂനിയർ ഗേൾസ് 1500 മീറ്ററിലാണ് കെ പി സനിക സ്വർണം കുറിച്ചത്. ഇന്നലെ 3000 മീറ്ററിലും സനിക സ്വർണം നേടിയിരുന്നു. കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ജെ റിജോയ‌്‌യും സ്വർണം കൊയ്‌തു. 3000 മീറ്ററിലും റിജോയ് സ്വർണം നേടിയിരുന്നു.

സബ് ജൂനിയർ ബോയ്സ് ലോങ്ജംപിൽ വാഗ്‍മായൂമിന് സ്വർണം. ഇന്നലെ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർത്ഥിയാണ്.

സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് ബിഇഎം എച്ച്എസ്എസിലെ ആർ കെ സൂര്യജിത്തിന് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് ബിഇഎം എച്ച്എസ്എസിലെ തന്നെ ആർ കെ വിശ്വജിത്ത് സ്വർണമണിഞ്ഞു. 

സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ നന്ദന ശിവദാസിന് റെക്കോർഡോടെയാണ് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ ബ്ലെസി ദേവസ്യയും മീറ്റ് റെക്കോർഡോടെ സ്വര്‍ണം നേടി. 

മൂന്നാം ദിനമായ ഇന്ന് ആകെ 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ. സ്‌കൂൾ മീറ്റിൽ ഇന്ന് ഹാമർ ത്രോ മത്സരങ്ങള്‍ നടക്കും. പാലായിൽ ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ മരിച്ചതോടെ ഹാമർ മത്സരങ്ങൾ വലിയ ചര്‍ച്ചയായിരുന്നു. കണ്ണൂരില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് മത്സരം നടത്തുന്നത്.

click me!