പ്രൈം വോളിബോള്‍ ലീഗ്: ജയത്തോടെ സീസണ്‍ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

Published : Oct 22, 2025, 01:04 PM IST
Prime Volley

Synopsis

പ്രൈം വോളിബോള്‍ ലീഗിലെ അവസാന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ 3-1ന് പരാജയപ്പെടുത്തി.

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ചൊവ്വാഴ്ച്ച ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ 3-1നാണ് തോല്‍പിച്ചത്. സ്‌കോര്‍: 15-13, 14-16, 17-15, 15-9. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നെങ്കില്‍ സെമിസാധ്യതയുണ്ടായിരുന്ന ബ്ലൂ സ്പൈക്കേഴ്സ് രണ്ടാം സെറ്റ് വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും സെമിഫൈനല്‍ ഉറപ്പിച്ച അഹമ്മദാബാദിന്റെ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തിന് ഇളക്കമില്ല. കൊച്ചി ക്യാപ്റ്റന്‍ എറിന്‍ വര്‍ഗീസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റില്‍ ബറ്റ്സുരിയിലൂടെ അഹമ്മദാബാദ് ശക്തമായി തുടങ്ങിയെങ്കിലും, ജസ്ജോദ് സിങിന്റെ സൂപ്പര്‍ സെര്‍വുകളും സൂപ്പര്‍ ബ്ലോക്കുകളും കൊച്ചിയെ ഒപ്പമെത്തിച്ചു. അമരീന്ദര്‍പാല്‍ സിങിന്റെ മികച്ച പ്രതിരോധം കൂടിയായതോടെ കൊച്ചി ആദ്യ സെറ്റ് നേടി. എറിന്റെ മികച്ച സെര്‍വുകള്‍ രണ്ടാം സെറ്റിലും കൊച്ചിക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍, നന്ദഗോപാലും അഖിനും അഹമ്മദാബാദിനായി കളത്തിലിറങ്ങിയതോടെ കളി മാറി. അഖിന്റെ കരുത്തുറ്റ ബ്ലോക്കുകള്‍ അവര്‍ക്ക് രണ്ടാം സെറ്റ് നേടിക്കൊടുത്തു. ജസ്ജോദിന്റെയും ഹേമന്തിന്റെയും പ്രകടനങ്ങളാണ് മൂന്നാം സെറ്റില്‍ നിര്‍ണായകമായത്. നിക്കോളാസ് മറെച്ചല്‍ ബാക്ക് കോര്‍ട്ടില്‍ കരുത്ത് കാട്ടിയതോടെ മൂന്നാം സെറ്റ് ബ്ലൂസ്പൈക്കേഴ്സിന്റെ നിയന്ത്രണത്തിലായി.

നാലാം സെറ്റിലും ഹേമന്ത് ആക്രമണം തുടര്‍ന്നു. ലിബറോ അലന്‍ ആഷിക്കിന്റെ മികച്ച ഡിഫന്‍സീവ് നീക്കങ്ങള്‍ കൊച്ചിക്ക് നിര്‍ണായക പോയിന്റുകള്‍ സമ്മാനിച്ചു. അമരീന്ദര്‍പാലും ജസ്ജോദും മിഡില്‍ സോണില്‍ ആധിപത്യം തുടര്‍ന്നു. അര്‍ഷാക് സിനാന്റെ സെര്‍വീസ് ലക്ഷ്യം തെറ്റിയതോടെ കൊച്ചി ജയത്തോടെ മടങ്ങി. ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്സും ബെംഗളൂരു ടോര്‍പ്പിഡോസും തമ്മിലാണ് മത്സരം.

നേരത്തെ സെമിഉറപ്പിച്ച ഇരുടീമുകള്‍ക്കും ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തോടെ സെമിഫൈനല്‍ കളിക്കാം. രാത്രി 8.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് മറ്റൊരു മത്സരം. ജയിച്ചാല്‍ ഗോവയെ മറികടന്ന് കൊല്‍ക്കത്ത സെമിഫൈനല്‍ ഉറപ്പാക്കും. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാല്‍ ഡല്‍ഹിക്കും സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം