മലേഷ്യന്‍ മാസ്റ്റേഴ്സ്: സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍; ശ്രീകാന്ത് പുറത്ത്

By Web TeamFirst Published Jan 8, 2020, 8:18 PM IST
Highlights

ലോക പത്താം നമ്പര്‍ താരം കാന്റാ സുനെയ്മയെ അട്ടിമറിച്ചാണ് മലയാളി താരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം.

ക്വാലാലംപൂര്‍: പി വി സിന്ധുവും സൈന നെഹ്‍വാളും എച്ച് എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാ‍ഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ഇതേസമയം, ബ. സായ്പ്രണീതും കെ ശ്രീകാന്തും ആദ്യറൗണ്ടിൽ പുറത്തായി. ലോകചാമ്പ്യനായ സിന്ധു ആദ്യറൗണ്ടിൽ റഷ്യൻ താരം എവ്‍ജിനിയ കോസെറ്റ്സകയെ തോൽപിച്ചു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ 21-15 21-13.

സൈന മുപ്പത്തിയാറ് മിനിറ്റ് നീണ്ട മത്സരത്തിൽ ബൽജിയം താരം ലിയാനെ ടാനെ തോൽപിച്ചു. സ്കോർ 21-15 21-17. ലോക പത്താം നമ്പര്‍ താരം കാന്റാ സുനെയ്മയെ അട്ടിമറിച്ചാണ് മലയാളി താരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-9, 21-17. ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.

പുരുഷ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ കാന്റഫോന്‍ വാംഗ്ചറോയനെ കീഴടക്കി സമീര്‍ വര്‍മയും രണ്ടാം റൗണ്ടിലെത്തി. സ്കോര്‍ 21-16, 21-15. നേരത്തെ സായ്പ്രണീത് ഡെൻമാർക്ക് താരം റാസ്മസ് ജെംകേയോടും ശ്രീകാന്ത്  ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനോടും തോറ്റ് പുറത്തായിരുന്നു.

click me!