എന്നിട്ടും അരിശം തീരാതെ മേരി; വിജയത്തിനുശേഷം നിഖാത് സരിന് കൈ കൊടുതെ റിംഗ് വിട്ടു

By Web TeamFirst Published Dec 28, 2019, 5:16 PM IST
Highlights

ഞാനെന്തിനാണ് അവര്‍ക്ക് കൈ കൊടുക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം. ഇത്തരം സ്വഭാവമുള്ളവരെ എനിക്ക് ഇഷ്ടമല്ല.

ദില്ലി: ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിന് യോഗ്യത നേടാനുള്ള മത്സരത്തില്‍ വിജയിയായശേഷം എതിരാളിക്ക് കൈ കൊടുക്കാന്‍ പോലും തയാറാവാതെ റിംഗ് വിട്ട് മേരി കോം. മാച്ച് റഫറി മേരിയെ വിജയിയായി പ്രഖ്യാപിച്ചശേഷം എതിരാളിയെ ഒട്ടും ബഹുമാനിക്കാതെ മടങ്ങിയ മേരിയുടെ നടപടി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതായി പോയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ നിഖാത് സരിന് കൈ കൊടുക്കാന്‍ പോലും തയാറാവാതിരുന്ന നടപടിയെ മത്സരശേഷം മേരി കോം ന്യായീകരിച്ചു. ഞാനെന്തിനാണ് അവര്‍ക്ക് കൈ കൊടുക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം. ഇത്തരം സ്വഭാവമുള്ളവരെ എനിക്ക് ഇഷ്ടമല്ല. ഇടിക്കൂട്ടിനകത്താണ് മികവ് കാട്ടേണ്ടത്, അല്ലാതെ പുറത്തല്ലെന്നും മേരി കോം പറഞ്ഞു.

Mary Kom defeated Nikhat Zareen to book her spot in the Olympic qualifiers.

She doesn't shake Zareen's hand after the fight 😬😬pic.twitter.com/BiVAw9PCSd

— MMA India (@MMAIndiaShow)

അതേസമയം, മേരി കോമിന്റെ നടപടി തന്നെ വേദനിപ്പിച്ചുവെന്ന് നിഖാത് സരിന്‍ പ്രതികരിച്ചു. മത്സരത്തിനിടെ മേരി കോം തനിക്കെതിരെ മോശം വാക്കുകള്‍കൊണ്ട് അധിക്ഷേപിച്ചുവെന്നും നിഖാത് സരിന്‍ ആരോപിച്ചു. ട്രയല്‍സില്‍ നിഖാത് സരിനെ 9-1 നാണ് മേരി പരാജയപ്പെടുത്തിയത്. ഇതോടെ അടുത്തവര്‍ഷം ചൈനയില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിനും മേരി യോഗ്യത നേടിയിരുന്നു.  

ഫൈനല്‍ പോരാട്ടത്തിനുശേഷം മേരിയെ വിജയിയായി പ്രഖ്യാപിച്ചതോടെ ഫലം അട്ടിമറിച്ചുവെന്ന് ആരോപിച്ച് തെലങ്കാന ബോക്സിംഗ് അസോസിയേഷന്‍ പ്രതിനിധി എ പി റെഡ്ഡി ബഹളം വെച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഒടുവില്‍ ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംഗ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

click me!