സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയത് സഹോദരിയുടെ ഭീഷണിയെ തുടര്‍ന്ന്: ദ്യുതി ചന്ദ്

Published : May 21, 2019, 07:06 PM IST
സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയത് സഹോദരിയുടെ ഭീഷണിയെ തുടര്‍ന്ന്: ദ്യുതി ചന്ദ്

Synopsis

പത്തൊമ്പതുകാരിയുമൊത്തുള്ള സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയത് സഹോദരിയുടെ ഉപദ്രവം കാരണമെന്ന് വനിതാ അത്‌ലീറ്റ് ദ്യുതി ചന്ദ്. ദ്യുതിയുടെ തുറന്നുപ്പറച്ചില്‍ കുടുംബാംഗങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയുടെ തിരിച്ചടി.

ഭുവനേശ്വര്‍: പത്തൊമ്പതുകാരിയുമൊത്തുള്ള സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയത് സഹോദരിയുടെ ഉപദ്രവം കാരണമെന്ന് വനിതാ അത്‌ലീറ്റ് ദ്യുതി ചന്ദ്. ദ്യുതിയുടെ തുറന്നുപ്പറച്ചില്‍ കുടുംബാംഗങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയുടെ തിരിച്ചടി. മൂത്ത സഹോദരി സരസ്വതി ചന്ദ് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും ദേഹോപദ്രവം നടത്തിയെന്നുമാണ് ദ്യുതിയുടെ ആരോപണം. ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ദ്യുതി തുടര്‍ന്നു... സ്വവര്‍ഗ പ്രണയമുള്ള കാര്യം പുറത്തുപറയാന്‍ അഭിമാനം മാത്രമേയുള്ളൂ. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഒരു കാരണവശാലും വീഴില്ല.  പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. പൊതുസമൂഹത്തിനു മുന്നില്‍ വരാന്‍ താല്‍പര്യമില്ലെന്ന പങ്കാളിയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയായ ദ്യുതി പറഞ്ഞു.

ദ്യുതി തന്റെ സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ തന്നെ അമ്മ അഖോജി ചന്ദും സരസ്വതി ചന്ദും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രണയിനി എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു. ബന്ധം അംഗീകരിക്കില്ലെന്നാണ് അമ്മയുടെ വാദം. പ്രണയിനി എന്നു പറയുന്ന പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യം ദ്യുതി നിരാകരിച്ചു. 

കഴിഞ്ഞ ദിവസമാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ദ്യുതി വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ചു വര്‍ഷമായി ഞങ്ങള്‍ സ്‌നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ് അവള്‍. രണ്ടാം വര്‍ഷം ബിഎയ്ക്കു പഠിക്കുകയാണ് സുഹൃത്തിപ്പോള്‍ എന്നുമാണ് ദ്യുതി പറഞ്ഞത്. തന്റെ ആരാധികയായിരുന്ന അവര്‍ ദിവസവും വീട്ടില്‍ വരുമായിരുന്നു. ഈ ചങ്ങാത്തമാണു പ്രണയത്തിലെത്തിച്ചതെന്നാണ് ദ്യുതി പറഞ്ഞത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു