എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്‍റെ നവീകരണം വഴിമുട്ടി

By Web TeamFirst Published Jul 18, 2019, 12:18 PM IST
Highlights

ട്രാക്കിന്‍റെ നവീകരണത്തിന് ആര് പണം അനുവദിക്കണം എന്ന കാര്യത്തിലാണ് തർക്കം. ഗ്രൗണ്ടിന്‍റെ മേൽനോട്ടം മഹാരാജാസ് കോളേജിനാണ്. മതിയായ ഫണ്ടില്ലാത്തതിനാൽ കോളേജിന് അറ്റകുറ്റപണികൾ നടത്താൻ കഴിയുന്നില്ല.

കൊച്ചി: നിരവധി രാജ്യാന്തര മീറ്റുകൾ നടന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്‍റെ നവീകരണം വഴിമുട്ടി. ഫണ്ടില്ലാത്തതാണ് വൈകുന്നതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതോടെ കഴിഞ്ഞ മൂന്ന് വർഷമായി പ്രധാന മത്സരങ്ങളൊന്നും ഇവിടെ നടത്തുന്നില്ല.

കേരളത്തിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണിത്. 2006 ൽ നിർമ്മിച്ച ട്രാക്കിന്‍റെ കാലാവധി ഏഴ് വർഷമായിരുന്നു. എന്നാൽ 12 വർഷമായിട്ടും ട്രാക്ക് പുതുക്കി പണിതിട്ടില്ല. ആദ്യ ട്രാക്ക് പൂർണമായും നശിച്ചു. പ്രതിദിനം നൂറ്റമ്പതോളം കായിക താരങ്ങൾ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ലോംഗ് ജംപ് പിറ്റിന്‍റെ റൺവേയുടെ അവസ്ഥയും ശോചനീയമാണ്.

ട്രാക്കിന്‍റെ നവീകരണത്തിന് ആര് പണം അനുവദിക്കണം എന്ന കാര്യത്തിലാണ് തർക്കം. ഗ്രൗണ്ടിന്‍റെ മേൽനോട്ടം മഹാരാജാസ് കോളേജിനാണ്. മതിയായ ഫണ്ടില്ലാത്തതിനാൽ കോളേജിന് അറ്റകുറ്റപണികൾ നടത്താൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് തുക അനുവദിച്ചാൽ പണി നടത്താമെന്നാണ് കോളജ് അധികൃതർ പറയുന്നത്.

ഇതിനായി കോളേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിലും ഫണ്ട് അനുവദിക്കാൻ തയ്യാറാണ്. പക്ഷേ മേൽനോട്ടം തങ്ങൾക്കു വേണമെന്നാണ് നിലപാട്. തർക്കം പരിഹരിച്ചാൽ ട്രാക്കിന്‍റെ നവീകരണം വേഗത്തിലാകുമെന്നാണ് കൗൺസിലിൽ പറയുന്നത്. അഞ്ച് കോടി രൂപയാണ് നിർമാണത്തിന് വേണ്ടത്.

click me!