കോമൺവെൽത്ത് പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണമില്ലാതെ മലയാളി വിദ്യാര്‍ഥി

By Web TeamFirst Published Jul 17, 2019, 6:53 PM IST
Highlights

ഒന്നര വർഷമായി പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം അർച്ചന മെഡലുകൾ വാരിക്കൂട്ടുന്നുണ്ട്. കഴിഞ്ഞ മേയിൽ തമിഴ്നാട്ടിലെ വെല്ലൂരിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ സ്വർണം അടക്കം നാലു മെഡലുകൾ കരസ്ഥമാക്കി.

കൊച്ചി: കോമൺവെൽത്ത് പവർ ലിഫ്റ്റിംഗ് ചാന്പ്യഷിപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥിനി പോകാൻ പണമില്ലാതെ വിഷമിക്കുന്നു. കൊച്ചി കാക്കനാട് സ്വദേശിനിയും സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥിയുമായ അർച്ചനക്കാണ് ഈ ദുർഗതി.

ഒന്നര വർഷമായി പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം അർച്ചന മെഡലുകൾ വാരിക്കൂട്ടുന്നുണ്ട്. കഴിഞ്ഞ മേയിൽ തമിഴ്നാട്ടിലെ വെല്ലൂരിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ സ്വർണം അടക്കം നാലു മെഡലുകൾ കരസ്ഥമാക്കി. ഇതോടെ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സബ് ജൂനിയർ 84 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് അർച്ചന തെരഞ്ഞെടുക്കപ്പെട്ടത്.

സെപ്റ്റംബർ 15 മുതൽ 21 വരെ കാനഡയിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂപ ദേശീയ അസ്സോസിയേഷനായ പവർ ലിഫ്റ്റിംഗ് ഇന്ത്യയിൽ അടക്കണം. കാക്കനാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രൻറെ കുടുംബത്തിന് താങ്ങാനാവുന്നതല്ല ഈ തുക. സ്പോൺസറെ കണ്ടെത്താൻ ഇവർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

ഇരുപതാം തീയതിക്കകം പണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന ദുഖത്തിലാണിവർ. എങ്കിലും പ്രതീക്ഷയോടെ അർച്ചന പരിശീലനം തുടരുകയാണ്.

click me!