യുഎസ് ഓപ്പണിൽ വൻ അട്ടിമറി, ഒന്നാം റൗണ്ടിൽ നോവാക് ജോക്കോവിച്ച് പുറത്ത്; കോര്‍ട്ടിൽ പൊട്ടിക്കരഞ്ഞ് ടെന്നീസ് ഇതിഹാസം

Published : Aug 31, 2026, 10:44 AM IST
Novak Djokovic

Synopsis

ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ശാരീരിക അസ്വസ്ഥതകളോട് പോരാടിയാണ് 39-കാരനായ ജോക്കോവിച്ച് കളിച്ചത്. ന്യൂയോർക്കിലെ കടുത്ത ചൂടും ഈർപ്പവും ജോക്കോവിച്ചിനെ തളർത്തി.

ന്യൂയോർക്ക്: ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ തോൽവി. ആദ്യ റൗണ്ട് പോരാട്ടത്തിൽ അർജന്‍റീനയുടെ മരിയാനോ നവോനെയോട് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നാലാം സീഡായ ജോക്കോവിച്ച് പുറത്തായത്. സ്കോർ: 6-7, 7-5, 6-4, 2-6, 1-6. മത്സരത്തിനിടയിലും കളി കൈവിട്ടുപോയ അഞ്ചാം സെറ്റിലും വിങ്ങിപ്പൊട്ടുന്ന ജോക്കോവിച്ചിന്‍റെ ചിത്രങ്ങൾ ആരാധകരെ സങ്കടത്തിലാഴ്ത്തി.

ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ശാരീരിക അസ്വസ്ഥതകളോട് പോരാടിയാണ് 39-കാരനായ ജോക്കോവിച്ച് കളിച്ചത്. ന്യൂയോർക്കിലെ കടുത്ത ചൂടും ഈർപ്പവും ജോക്കോവിച്ചിനെ തളർത്തി. ഐസ് ബാഗ് തലയിൽ വെച്ചും എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ അഭ്യർത്ഥിച്ചും താരം അസ്വസ്ഥത പ്രകടിപ്പിച്ചു. മൂന്നാം സെറ്റിലെ ആറാം ഗെയിമിനിടെ കോർട്ടിൽ വെച്ച് താരം ഒന്നിലധികം തവണ ഛർദ്ദിക്കുകയും ചെയ്തു.

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ പൊരുതിയ ജോക്കോവിച്ച് ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ (7-5, 6-4) പിടിച്ചെടുത്ത് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാൽ അർജന്‍റീന താരം നവോനെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ജോക്കോവിച്ചിന്‍റെ പ്രതിരോധം തകർന്നു. നവോനെ നാലും അഞ്ചും സെറ്റുകൾ അനായാസം സ്വന്തമാക്കി വിജയം പിടിച്ചെടുത്തു. അഞ്ചാം സെറ്റിൽ നവോനെ 4-1ന് മുന്നിലെത്തിയതോടെ പൂർണ്ണമായും തളർന്ന ജോക്കോവിച്ച് കോർട്ടിൽ ഇരുന്ന് കണ്ണീരണിഞ്ഞു. ഗാലറിയിലുണ്ടായിരുന്ന ഭാര്യ യെലേനയും വികാരാധീനയായി. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് നവോനെ ന്യൂയോർക്കിൽ കുറിച്ചത്.

തകർന്നത് 18 വർഷത്തെ റെക്കോർഡ്

തോൽവിയോടെ ഗ്രാന്‍ഡ്സ്ലാമുകളിൽ തുടർച്ചയായി 78 മത്സരങ്ങളിൽ ഒന്നാം റൗണ്ട് ജയിച്ചെന്ന ജോക്കോവിച്ചിന്‍റെ റെക്കോർ‍ഡ് കുതിപ്പിനും അവസാനമായി. ഇതിനുമുമ്പ് 2006-ലെ ഓസ്‌ട്രേലിയൻ ഓപ്പണിലാണ് ജോക്കോവിച്ച് അവസാനമായി ഒരു ഗ്രാൻ‍ഡ്സ്ലാമിന്‍റെ ഒന്നാം റൗണ്ടിൽ തോൽക്കുന്നത്. യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടില്‍ പുറത്തായതോടെ ഏറ്റവും കൂടുതൽ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന (25) റെക്കോർഡിലേക്കുള്ള ജോക്കോയുടെ കാത്തിരിപ്പ് വീണ്ടും നീളും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവൻ മത്സരങ്ങളിൽ നിന്നും പിന്മാറി നീരജ് ചോപ്ര
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു