ചിത്രയെ തഴഞ്ഞതിന് പിന്നില്‍ ആര്; രണ്ട് വര്‍ഷത്തിന് ശേഷം വിവാദത്തില്‍ മനസുതുറന്ന് പി.ടി ഉഷ

By Web TeamFirst Published Aug 2, 2019, 3:21 PM IST
Highlights

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു ചിത്രയെ തഴഞ്ഞ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം പ്രതികരണവുമായി പി.ടി ഉഷ

കോഴിക്കോട്: ലണ്ടന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയെ തഴഞ്ഞതില്‍ തനിക്ക് പങ്കുണ്ടെന്ന വിമര്‍ശനങ്ങളോട് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പ്രതികരിച്ച് ഒളിമ്പ്യന്‍ പി.ടി ഉഷ. ചിത്രയെ തഴഞ്ഞതില്‍ തനിക്ക് പങ്കില്ലെന്നും വിമര്‍ശനങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വകാര്യ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി.ടി ഉഷ പറഞ്ഞു. 2017 ഓഗസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുന്‍പായിരുന്നു പി.ടി ഉഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ട്രാക്ക് കീഴടക്കിയത്. 

'തനിക്കും അത്‌ലറ്റിക് ഫെഡറേഷനുമായി ബന്ധമില്ല. മത്സരാര്‍ത്ഥികളെ തീരുമാനിക്കുന്നത് അത്‌ലറ്റിക് ഫെഡറേഷന്‍റെ സെലക്‌ഷന്‍ കമ്മിറ്റിയാണ്. താന്‍ അത്‌ലറ്റിക് ഫെഡറേഷന്‍റെ സെലക്‌ഷന്‍ കമ്മിറ്റിയില്‍ ആരുമല്ല. അത് തുറന്നുപറ‌ഞ്ഞിട്ടും ആരും സമ്മതിക്കുന്നില്ല. എന്നെ വിമര്‍ശിക്കുക വഴി യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുകയാണ്. താന്‍ ഇടപെട്ടിട്ടില്ല എന്ന് ആ കുട്ടിക്കും(പി.യു ചിത്ര) അറിയാം. സെലക്ഷന്‍ കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുമ്പോള്‍ താനുമുണ്ടായിരുന്നു എന്നത് സത്യമാണ്, അതാണ് ചെയ്ത തെറ്റും. നിരീക്ഷക മാത്രമാണ് താന്‍. തനിക്ക് അഭിപ്രായങ്ങള്‍ പറയാനാവില്ല. വിമര്‍ശനങ്ങള്‍ മാധ്യമസൃഷ്ടിയാണ്' എന്നും പി.ടി ഉഷ പറഞ്ഞു. 

ഏഷ്യന്‍ അത്‍ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് പി.യു ചിത്ര 2017ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തഴയപ്പെട്ടത്. ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഉഷയാണെന്ന് ഇതോടെ വിമര്‍ശനങ്ങളുയര്‍ന്നു. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കാമെന്ന നിര്‍ദേശത്തെ പി.ടി ഉഷയും അനുകൂലിച്ചുവെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ രണ്‍ധാവ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത് വിവാദത്തിന് ആക്കംകൂട്ടി. 

എന്നാല്‍ സെലക്‌ഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടും ചിത്രയെ ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നായിരുന്നു പി.ടി ഉഷയുടെ മറുപടി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് പി.യു ചിത്ര ഹൈക്കോടതിയെ സമീപിച്ചതിനും കായികകേരളം സാക്ഷിയായി. ഇതില്‍ ചിത്രയ്‌ക്ക് അനുകൂലമായി വിധിവന്നെങ്കിലും മത്സരിക്കാനായില്ല. ചിത്രയ്‌ക്ക് അനുമതി ആവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷന്‍ സമര്‍പ്പിച്ച അപേക്ഷ സമയപരിധി  അവസാനിച്ചതിനാല്‍ അന്തര്‍ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷന്‍ തള്ളുകയായിരുന്നു. 

'ഒരു അത്‌ലറ്റിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ലോക മീറ്റുകളില്‍ പങ്കെടുക്കുകയെന്നത്. ഇനി ലോക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരങ്ങള്‍ ലഭിക്കുമോ എന്നറിയില്ല, ഭാഗ്യം പോലെയിരിക്കും. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ നേരിട്ട് എന്‍ട്രി ലഭിക്കുമെന്നു കരുതി. ഒരുപാടു പേര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്' എന്നായിരുന്നു അന്ന് പി.യു ചിത്രയുടെ പ്രതികരണം. 

click me!