
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ പാലക്കാടിന്റെ കുതിപ്പ്. നാല് സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം ഉള്‍പ്പടെ 29 പോയിന്റുമായി പാലക്കാടാണ് മുന്നിലുള്ളത്. മലപ്പുറം (26), തിരുവനന്തപുരം (13) ജില്ലകളാണ് പിറകിലുള്ളത്. അത്‌ലറ്റിക്‌സിലെ 14 ഫൈനലുകള്‍ ഇന്നലെ പൂര്‍ത്തിയായി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ശ്രീഹരി കരിക്കന്‍ മീറ്റ് റെക്കോര്‍ഡോടെ (47.84 സെക്കന്‍ഡ്) സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജമ്പ് പ്രാഥമിക റൗണ്ടില്‍ കോരുത്തോട് സികെഎം എച്ച് എസ് എസിലെ വിഷ്‌ണു യാദവും (7.24 മീറ്റര്‍) മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു.
പ്രായത്തട്ടിപ്പില്‍ പിടി വീണു...
പ്രായത്തട്ടിപ്പ് വിവാദ പശ്ചാത്തലത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ മത്സരഫലം തടഞ്ഞുവെച്ചു. ഒന്നാം സ്ഥാനം നേടിയ കുട്ടിക്ക് പ്രായക്കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റ് മൂന്ന് സ്‌കൂളുകള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടിയുടെ യഥാര്‍ഥ പ്രായം കണ്ടെത്താന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലു പരിശോധനയാണ് നടത്തുക.
അക്വാറ്റിക്‌സില്‍ തിരുവനന്തപുരം...
നീന്തല്‍ മത്സരങ്ങളില്‍ തിരുവനന്തപുരം ഓവറോള്‍ കിരീടത്തിലേക്ക്. 1864 പോയിന്റാണ് തിരുവനന്തപുരത്തിനുള്ളത്. തൃശൂരും (811), കോഴിക്കോടും (690) രണ്ടും മൂന്നും സ്ഥാനത്ത്. ഗെയിംസ് ഇനങ്ങളില്‍ 1245 പോയിന്റുമായി തിരുവനന്തപുരം ലീഡിലാണ്. തൃശൂരും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK