കടം വാങ്ങിയ സ്‌പൈക്കുമായി അക്ഷയ കുതിച്ചത്‌ സ്വര്‍ണത്തിലേക്ക്‌, മികച്ച പ്രകടനം വഴി പാലക്കാടുകാരി സ്വപ്‌നം കണ്ടത്‌ ഒറ്റമുറി വീട്ടില്‍ നിന്നുള്ള മോചനം

Published : Oct 28, 2026, 01:02 AM IST
G AKSHAYA

Synopsis

സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട്‌ അക്ഷയ തന്റെ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ചു. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന അക്ഷയ കടം വാങ്ങിയ സ്‌പൈക്കുമായിട്ടാണ്‌ സ്വര്‍ണക്കുതിപ്പ്‌ നടത്തിയതെന്നും ഓര്‍ക്കണം.

കോഴിക്കോട്‌: വീട്‌ ഒരു സ്വപ്‌നമാണ്‌. കായിക മേളയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചാല്‍ ആ സ്വപ്‌നം പൂവണിഞ്ഞേക്കാം എന്ന പ്രതീക്ഷയിലാണ്‌ പാലക്കാടുകാരി ജി അക്ഷയ 68മത്‌ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക്‌ എത്തിയത്‌. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട്‌ അക്ഷയ തന്റെ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ചു. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന അക്ഷയ കടം വാങ്ങിയ സ്‌പൈക്കുമായിട്ടാണ്‌ സ്വര്‍ണക്കുതിപ്പ്‌ നടത്തിയതെന്നും ഓര്‍ക്കണം. സ്‌കൂളില്‍ നിന്നുള്ള മറ്റൊരു താരം അതുലിന്റെ സ്‌പൈക്കുമായിട്ടാണ്‌ അക്ഷയ ഓടിയത്‌. ഇത്‌ കഴിഞ്ഞ ഉടനെ, അതുലിന്റെ മത്സരം തുടങ്ങുന്നതിനാല്‍ അക്ഷയ ഫിനിഷ്‌ ചെയ്‌ത ഉടനെ സ്‌പൈക്ക്‌ കൈമാറുവാന്‍ ഓടി.

പാലക്കാട്‌ കൊല്ലങ്കോട്‌ പനങ്ങാട്ടിരി ആര്‍ പി എം എച്ച്‌ എസ്‌ എസിലെ പ്ലസ്‌ടു വിദ്യാര്‍ഥിയായ അക്ഷയയുടെ പ്രയാസങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ മറ്റ്‌ സുമനസുകളുടെയോ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ഈ സ്വര്‍ണ നേട്ടത്തിന്‌ സാധിച്ചേക്കാം എന്ന പ്രതീക്ഷ ഒപ്പമുള്ളവര്‍ക്കുണ്ട്‌. ട്രാക്ടര്‍ ഡ്രൈവറാണ്‌ അച്ഛന്‍ ഗുരുവായൂരപ്പന്‍. കൂലിപ്പണിക്ക്‌ പോയിരുന്ന അമ്മ ചികിത്സാര്‍ഥം വിശ്രമത്തിലാണ്‌.

കഴിഞ്ഞ വര്‍ഷം സീനിയര്‍ വിഭാഗത്തില്‍ 3000 മീറ്ററില്‍ രണ്ടാം സ്ഥാനവും നാല്‌ കിലോമീറ്റര്‍ ക്രോസ്‌ കണ്‍ട്രിയിലും 1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും അക്ഷയ നേടിയിരുന്നു.കോച്ച്‌ ബിജു വാസുദേവന്‌ ഒപ്പമാണ്‌ അക്ഷയ മത്സരത്തിന്‌ എത്തിയത്‌. സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ കഴിയാത്ത സമയങ്ങളില്‍ മണിക്കൂറുകള്‍ യാത്ര ചെയ്‌ത്‌ പാലക്കാട്‌ മെഡിക്കല്‍ കോളജ്‌ ഗ്രൗണ്ടില്‍ എത്തിയാണ്‌ അക്ഷയ പരിശീലനം നടത്തുന്നത്‌. കാലിക്കറ്റ്‌ സര്‍വകലാശാല മത്സരങ്ങളില്‍ ലോംഗ്‌ ജംപ്‌, ട്രിപ്പിള്‍ ജംപ്‌ ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്‌ പരിശീലകനായ ബിജു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ഏഷ്യാഡ്‌ സ്വര്‍ണം സ്വപ്‌നം കാണുന്ന വൈഷ്‌ണവ്‌ അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം ഓടിയെടുത്തു
'ജെന്‍സി കുതിപ്പില്‍' മീഡിയ റൂമില്‍ പ്രതിഷേധം, എം എല്‍ എ ചെയര്‍മാനായ കായിക മേള ഗൈഡില്‍ സ്ഥലം എം പി ഉള്‍പ്പെടാത്തത്‌ ചര്‍ച്ചയായി