കേരളം അവഗണിക്കുന്നോ? പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആർ ശ്രീജേഷ്

By Web TeamFirst Published Aug 10, 2021, 12:22 PM IST
Highlights

ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായാണ് ആക്ഷേപം. 

ദില്ലി: പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമംഗം പി ആര്‍ ശ്രീജേഷ്. ഒളിംപി‌ക്‌സിലെ വെങ്കല മെഡൽ നേട്ടം കേരളത്തിൽ ഹോക്കിക്ക് ഉണർവേകും. സ്‌കൂളുകളിൽ ഹോക്കിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

കാണാം ശ്രീജേഷിന്‍റെ പ്രതികരണം

ദില്ലിയിൽ നിന്ന് വൈകിട്ട് ശ്രീജേഷ് നാട്ടിലെത്തും. ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തുന്നത്. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായാണ് ആക്ഷേപം. 

ശ്രീജേഷിനെ കാത്ത് കേരളം

ഒളിംപിക്‌സിലെ ചരിത്ര നേട്ടത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന ശ്രീജേഷിന് വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍ നേരിട്ടെത്തും. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതേസമയം ശ്രീജേഷിനുള്ള പാരിതോഷികം ഇന്ന് സംസ്ഥാനം പ്രഖ്യാപിച്ചേക്കും. 

ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ വന്‍മതില്‍

ടോക്കിയോയില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു. 

അഭിമാനതാരത്തെ വരവേല്‍ക്കാന്‍ കേരളം; ശ്രീജേഷ് വൈകിട്ട് കൊച്ചിയില്‍, വമ്പന്‍ സ്വീകരണം

'ഒരേയൊരു ശ്രീജേഷേ നമുക്കുള്ളു, തിരസ്‌കരിക്കരുത്'; സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ ടോം ജോസഫ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!