ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് സാനിയ മിര്‍സ

By Web TeamFirst Published May 16, 2020, 1:49 PM IST
Highlights

എനിക്ക് അങ്ങനെ കടുത്ത ആശങ്കകളൊന്നും വരാറില്ല. പക്ഷെ കഴിഞ്ഞദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ആശങ്ക തോന്നി. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശങ്ക എന്നെ പൊതിഞ്ഞു.

ഹൈദരാബാദ്: ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ മകന്‍ ഇഷാന് എന്നാണ് ഇനി അവന്റെ പിതാവിനെ കാണാനാകുക എന്ന് സാനിയ ചോദിച്ചു. പാക് ക്രിക്കറ്റ് താരവും സാനിയയുടെ ഭര്‍ത്താവുമായ ഷൊയൈബ് മാലിക്ക് പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലാണുള്ളത്. സാനിയയും ഇഷാനുമാകട്ടെ ഹൈദരാബാദിലും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹം പാക്കിസ്ഥാനിലും  ഞാനിവിടെയും കുടങ്ങിപ്പോയി.ഞങ്ങള്‍ക്ക് ഒരു ചെറിയ കുട്ടിയാണുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി മറികടക്കുക എന്നത് അല്‍പം കഠിനമാണ്. ഇഷാന് അവന്റെ പിതാവിനെ എപ്പോഴാണിനി കാണാനാകുക എന്ന് എനിക്കറിയില്ല-ഫേസ്ബുക്ക് ലൈവില്‍ ഒരു ദേശീയമാധ്യമത്തോട് സംസാരിക്കവെ സാനിയ പറഞ്ഞു.

Also Read: 'സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍'; ട്രോള്‍ വീഡിയോ പങ്കുവെച്ച് സാനിയയും

ഞങ്ങള്‍ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്നവര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പ്രായമുള്ള അമ്മയുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം അമ്മക്കൊപ്പം ഉണ്ടാവേണ്ടതുണ്ട് എന്ന് എനിക്കറിയാം. അങ്ങനെ ചിന്തിക്കുമ്പോള്‍ അദ്ദേഹം പാക്കിസ്ഥാനിലായത് നന്നായി എന്നും തോന്നാറുണ്ട്. എന്തായാലും എല്ലാ പ്രശ്നങ്ങളും വൈകാതെ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ഞങ്ങള്‍-സാനിയ പറഞ്ഞു.


എനിക്ക് അങ്ങനെ കടുത്ത ആശങ്കകളൊന്നും വരാറില്ല. പക്ഷെ കഴിഞ്ഞദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ആശങ്ക തോന്നി. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശങ്ക എന്നെ പൊതിഞ്ഞു. ചെറിയ കുഞ്ഞായ മകന്റെ കാര്യം നോക്കണം. പ്രായമായ മാതാപിതാക്കളുടെ കാര്യം ശ്രദ്ധിക്കണം, ഇതിനൊക്കെ പുറമെ സ്വയം ഒന്നും പറ്റാതെയും നോക്കണം. ഈ ഒരു സാഹചര്യത്തില്‍ ടെന്നീസിനെക്കുറിച്ചൊന്നും ചിന്തിക്കാനാവുന്നില്ല.

ലോക്ഡൗണ്‍ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശരിക്കും ഹൃദയഭേദകമാണ്. കഴിഞ്ഞ ദിവസം ഒരു ചിത്രം കണ്ടിരുന്നു. ഒരമ്മ തന്റെ രണ്ടുമക്കളില്‍ ഒരാളെ കൈയിലെടുത്ത് രണ്ടാമത്തെ കുഞ്ഞിനെ സ്യൂട്ട് കേസിന്റെ മുകളില്‍ കിടത്തി തള്ളിക്കൊണ്ടുപോവുകയാണ്. അത് കണ്ട് എന്റെ ഹൃദയം തകര്‍ന്നുപോയി. ദിവസവേതനക്കാരായ ആളുകളുടെ ജീവിതം കാണുമ്പോള്‍ ശരിക്കും വേദന തോന്നുന്നു. നമുക്കെല്ലാവര്‍ക്കും അവരെ സഹായിക്കാനുള്ള ബാധ്യതയുണ്ട്-സാനിയ പറഞ്ഞു.

Also Read: 'ഗ്രൗണ്ടില്‍ ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് കുറ്റം ഭാര്യക്ക്; ഞാനും അനുഷ്കയുമെല്ലാം ഇത് കേള്‍ക്കുന്നു: സാനിയ

കഴിഞ്ഞ മാസം സാനിയയുടെ നേതൃത്വത്തില്‍ കൊവിഡ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ മൂന്നരകോടി രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും അവരുടെ യഥാര്‍ത്ഥ ദുരിതമകറ്റാന്‍ തികയില്ലെന്ന് സാനിയ പറഞ്ഞു.

click me!