ഹൈദരാബാദ്: കായികതാരങ്ങളുടെ ഭാര്യമാരെ ശല്യങ്ങളായി കാണുന്ന രീതിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളതെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. കളിക്കളത്തില്‍ ഭര്‍ത്താവ് മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് അയാളുടെ കഴിവും മോശം പ്രകടനം നടത്തിയാല്‍ അതിന് കാരണം ഭാര്യയും ആകുന്നത് വലിയ തമാശയാമെന്നും സാനിയ പറഞ്ഞു.

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും താനുമെല്ലാം ഇത് ഏറെനാളായി അനുഭവിക്കുന്നുണ്ടെന്നും യുട്യൂബ് ചാറ്റ് ഷോ ആയ ഡബിള്‍ ട്രബിളില്‍ സാനിയ വ്യക്തമാക്കി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അഗങ്ങളായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരുമായി സംസാരിക്കുമ്പോഴാണ് സാനിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ഓസീസ് താരം അലീസ ഹീലിയെ പിന്തുണക്കാന്‍ ഓസീസ് പുരുഷ ടീം അംഗമായ മിച്ചല്‍ സ്റ്റാര്‍ക്ക് എത്തിയപ്പോള്‍ ചെയ്ത ട്വീറ്റിനെക്കുറിച്ചും സാനിയ ഷോയില്‍ വിശദീകരിച്ചു.

സ്റ്റാര്‍ക്ക് അലീസ ഹീലിയെ പിന്തുണക്കാനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ നമ്മളുള്‍പ്പെടെ എല്ലാവരും അദ്ദേഹത്തിന് കൈയടിച്ചു. എന്നാല്‍ ഇക്കാര്യം എന്റെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയൈബ് മാലിക്കാണ് ചെയ്തതെങ്കിലോ ?,   ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. ഇവിടെ എന്തൊക്കെ കോലാഹലങ്ങള്‍ അരങ്ങേറുമായിരുന്നു. അവൻ ഭാര്യയുടെ സാരിത്തുമ്പിൽ തൂങ്ങി നടക്കുന്നവനാണെന്ന് സ്റ്റാര്‍ക്കിന് കൈയടിച്ചവര്‍ തന്നെ പരിഹസിക്കുമെന്നുറപ്പാണ്.

 

കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ ഭാര്യമാരെയോ കാമുകിമാരെയോ കൂടെക്കൂട്ടുന്നത് പ്രകടനം മോശമാവാനുള്ള കാരണമായാണ് പലപ്പോഴും കാണുന്നത്. അവര്‍ക്കൊപ്പം കറങ്ങാനും ഡിന്നറിനുമെല്ലാം പോയി കളിയിലെ ശ്രദ്ധ മാറിപ്പോവുമെന്നാണ് പൊതുധാരണ. ശുദ്ധ അസംബന്ധമാണത്. നമ്മുടെ സമൂഹത്തിന്റെ ഈ ഒരു ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടാനാണ് അന്ന് തമാശമട്ടിലാണെങ്കിലും ഗൗരവമുള്ള വിഷയത്തെക്കുറിച്ച് അത്തരമൊരു ട്വീറ്റിട്ടത്. ഞാനും അനുഷ്കയും ഇതുസംബന്ധിച്ച് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. ഞങ്ങളിരുവര്‍ക്കും ഇക്കാര്യത്തില്‍ ഒരു നിലപാടാണ്-സാനിയ പറഞ്ഞു.