
സിംഗപ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഫിക്രി സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചടിച്ച സാത്വിക്-ചിരാഗ് സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 18-21, 21-17, 21-16.
മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ കൃത്യമായ ആസൂത്രണത്തോടെ കളിച്ചാണ് ലോക നാലാം നമ്പര്‍ ജോടിയായ ഇന്ത്യ രണ്ട് വര്‍ഷത്തെ തങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്. കഴിഞ്ഞ 2024-ലെ കിരീടനേട്ടത്തിന് ശേഷം നിരവധി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ എത്തിയെങ്കിലും കിരീടം ചൂടാന്‍ സാത്വിക്-ചിരാഗ് സഖ്യത്തിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ ആ നിരാശകള്‍ക്കൊടുവിലാണ് ഈ സുവര്‍ണ്ണ നേട്ടം. ഏഷ്യന്‍ ഗെയിംസിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ചാമ്പ്യന്മാരായ ഈ സഖ്യത്തിന്റെ കരിയറിലെ ഒന്‍പതാം വേള്‍ഡ് ടൂര്‍ കിരീടമാണിത്.
കൂടാതെ അവരുടെ മൂന്നാം സൂപ്പര്‍ 750 കിരീടവും. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ ചരിത്ര വിജയം പിറന്നത്. സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന ചരിത്രനേട്ടവും ഇതോടെ സാത്വികും ചിരാഗും സ്വന്തം പേരില്‍ കുറിച്ചു.
2024-ലെ തായ്ലന്‍ഡ് ഓപ്പണിലാണ് സാത്വികും ചിരാഗും അവസാനമായി ഒരു കിരീടമുയര്‍ത്തിയത്. അതിനുശേഷം കളിച്ച നാല് ഫൈനലുകളിലും റണ്ണേഴ്‌സ് അപ്പാകാനായിരുന്നു ഇരുവരുടെയും വിധി. അതുകൊണ്ടുതന്നെ സിംഗപ്പൂരിലെ ഈ പാത അവര്‍ക്ക് എളുപ്പമായിരുന്നില്ല. നിലവിലെ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയുടെ കിം വോണ്‍ ഹോ - സിയോ സ്യുങ് ജെ സഖ്യത്തെ സെമിഫൈനലില്‍ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.