പാരീസ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ നിലപാടെടുത്തു.
ദില്ലി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ നിന്നും ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. ട്രയൽസ് വേദിയിൽ അരങ്ങേറിയ നാടകീയമായ തർക്കങ്ങൾക്കൊടുവിൽ, വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ അനുവദിച്ചു. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും വിനേഷിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിനെ മറികടക്കാൻ ശനിയാഴ്ച രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനക്കിടെ ഫെഡറേഷൻ പുതിയ നീക്കവുമായി രംഗത്തെത്തി.
പാരീസ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ നിലപാടെടുത്തു. ഫെഡറേഷന്‍റെ തീരുമാനത്തിനെതിരെ വിനേഷ് ഫോഗട്ട് ശക്തമായി പ്രതിഷേധിച്ചു. തനിക്ക് താൽപര്യമുള്ള ഭാര വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കുക വഴി ഫെഡറേഷൻ തന്നോട് കടുത്ത വിവേചനം കാണിക്കുകയാണെന്ന് വിനേഷ് ആരോപിച്ചു. വേദിയിൽ വെച്ച് താരവും അധികൃതരും തമ്മിൽ വലിയ തോതിലുള്ള വാഗ്വാദങ്ങൾ നടന്നു. ഒടുവിൽ വിഷയം വഷളായതോടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് സഞ്ജയ് സിംഗ് ഇടപെടുകയും വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.
അവർ ഞങ്ങൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ഭാരം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ഞങ്ങൾ അനുമതി നൽകിയത്. ആരോടും വിവേചനം കാണിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. താൻ ഏത് വിഭാഗത്തിലാണ് മത്സരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അവർ മുൻകൂട്ടി അറിയിച്ചിരുന്നില്ല, എന്നിട്ടും തങ്ങൾ അവരെ അനുവദിക്കുകയാണെന്ന് സഞ്ജയ് സിംഗ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഭാരപരിശോധനയിൽ 53.9 കിലോഗ്രാം ഭാരം രേഖപ്പെടുത്തിയതോടെ വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിന്‍റെ ഡ്രോയിൽ ഉൾപ്പെടുത്തി.
ഹരിയാനയിൽ നിന്നുള്ള ഗുസ്തി താരവും ജുലാന മണ്ഡലത്തിലെ എംഎൽഎയുമായ വിനേഷിന് ട്രയൽസിൽ ശക്തരായ എതിരാളികളാണ് കാത്തിരിക്കുന്നത്. പ്രമുഖ താരങ്ങളായ മീനാക്ഷി ഗോയത്, ആന്‍റിം പംഗൽ എന്നിവരെയാണ് വിനേഷിന് ഇനി നേരിടേണ്ടി വരിക. ഈ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിജയിക്കുന്ന താരമായിരിക്കും ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
