നീരജ് ചോപ്ര തിരിച്ചെത്തി; ഐസൊലേഷനില്‍ കഴിയാന്‍ സായ് നിര്‍ദേശം

By Web TeamFirst Published Mar 21, 2020, 11:51 AM IST
Highlights

ദക്ഷിണാഫ്രിക്കയിലും നീരജ് പരിശീലനം നടത്തിയിരുന്നു. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ നീരജ്, അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയാണ്. 

പട്യാല: ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് 14 ദിവസത്തെ ഐസൊലേഷന്‍. പട്യാല നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ടസില്‍ തങ്ങാനാണ് താരത്തിന് സായ് നിര്‍ദേശം നല്‍കിയത്. ഹോസ്റ്റല്‍ മുറിക്ക് പുറത്തിറങ്ങരുതെന്നും, മറ്റ് അത്‌ലറ്റുകളുമായി ഇടപഴകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ബുധനാഴ്ചയാണ് നീരജ് ദില്ലിയിലെത്തിയത്.

അതിന് മുന്‍പ് ദക്ഷിണാഫ്രിക്കയിലും നീരജ് പരിശീലനം നടത്തിയിരുന്നു. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ നീരജ്, അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയാണ്. മറ്റൊരു ജാവലിന്‍ താരമായ ശിവ്പാല്‍ സിംഗ് വീട്ടില്‍ ഐസോലേഷനിലാണ്. ഇന്ത്യന്‍ റിലേ ടീമിന്റെ തുര്‍ക്കിയിലും ചെക് റിപ്പബ്ലിക്കിലുമായി നടത്തേണ്ട പരിശീലനവും പ്രതിസന്ധിയിലാകും.

അതിനിടെ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഈ മാസം 20നും 25നും പട്യാലയില്‍ നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ താരങ്ങളുടെ കുടുംബാംഗങ്ങളെയോ കാണികളെയോ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. സ്റ്റേഡിയത്തിന്റെ ഗേറ്റിന് പുറത്ത് വൈദ്യപരിശോധന ഉണ്ടാകുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ടോക്കിയോ ഒളിംപിക്‌സിനുള്ള പരിശീലന ക്യാംപ് ഒഴികെ എല്ലാ ദേശീയ പരിശീലന ക്യാംപുകളും ഒരറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കാന്‍ കായിക മന്ത്രി കിരണ്‍ റിജിജു നിര്‍ദേശം നല്‍കിയിരുന്നു. അക്കാദമിക് പരിശീലനങ്ങളും, സായ് കേന്ദ്രങ്ങളിലെ പരിശീലനങ്ങളും റദ്ദാക്കിയവില്‍ ഉള്‍പ്പെടും.

click me!