ലോക പൊലീസ് മീറ്റ്; കേരളാ പൊലീസിനെ പ്രതിനിധീകരിച്ച് സജൻ പ്രകാശ് ചൈനയിലേക്ക്

By Web TeamFirst Published Aug 2, 2019, 4:23 PM IST
Highlights

ഒളിപിക്സിൽ അടക്കം മത്സരിച്ചിട്ടുണ്ടെങ്കിലും പൊലീസുകാരനായി ആദ്യമായാണ് രാജ്യാന്തര മീറ്റില്‍ മത്സരിക്കുന്നത്. ടോക്യോ ഒളിംപിക്സിന് യോഗ്യത ഉറപ്പാക്കുകയാണ് ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യമെന്നും സജന്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: ലോക പൊലീസ് മീറ്റിൽ സുവര്‍ണപ്രതീക്ഷയെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ്. കേരളാ പൊലീസിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സജൻ പറഞ്ഞു. പൊലീസ് മീറ്റിൽ പങ്കെടുക്കാൻ സജൻ ഇന്ന് ചൈനയിലേക്ക് തിരിക്കും. ഈ മാസം എട്ട് മുതൽ 18 വരെയാണ് ചാംമ്പ്യൻഷിപ്പ്.

ഒളിപിക്സിൽ അടക്കം മത്സരിച്ചിട്ടുണ്ടെങ്കിലും പൊലീസുകാരനായി ആദ്യമായാണ് രാജ്യാന്തര മീറ്റില്‍ മത്സരിക്കുന്നത്. ടോക്യോ ഒളിംപിക്സിന് യോഗ്യത ഉറപ്പാക്കുകയാണ് ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യമെന്നും സജന്‍ വ്യക്തമാക്കി. മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയ സജൻ ഇന്നലെയാണ് സ്പെഷ്യൽ ആംഡ് പൊലീസിൽ ഇന്‍സ്പെക്ടറായി ചുമതലയേറ്റത്.

പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമേ ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുകയുള്ളുവെന്ന് നിബന്ധയുള്ളതിനാലാണ് സജന്റെ സർവ്വീസ് പ്രവേശനം തിടുക്കത്തിൽ പൂർത്തിയാക്കിയത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഔദ്യോഗിക മുദ്രകൾ അണിയിച്ചു.

2015-ലെ ദേശീയ ഗെയിംസിൽ മിന്നും‌‌‌‌ പ്രകടനത്തിന് കേരളം ഗസറ്റഡ് റാങ്കിൽ‌ ജോലി നൽകിയ നാല് കായിക താരങ്ങളിൽ ഒരാളാണ് സജൻ പ്രകാശ്. ഈ വർഷത്തെ ദേശീയ പൊലീസ് മീറ്റിൽ റെക്കോർഡോടെ അഞ്ച് സ്വർണം നേടിയ സജൻ ലോക മീറ്റിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.

click me!