കാരണമില്ലാതെ കരച്ചില്‍, കരിയര്‍ തീര്‍ന്നതായി തോന്നി; 20-ാം വയസില്‍ വിഷാദവുമായി മല്ലിട്ടെന്ന് സാനിയ മിര്‍സ

By Web TeamFirst Published May 11, 2021, 3:31 PM IST
Highlights

വലത് കൈക്കുഴയ്‌ക്ക് പരിക്കേറ്റ് ബീജിംഗ് ഒളിംപിക്‌സില്‍ നിന്ന് പുറത്തായ ശേഷമുള്ള ക്ലേശകരമായ ദിനങ്ങളാണ് 'മൈന്‍ഡ് മാറ്റേര്‍സ്' എന്ന യൂട്യൂബ് ഷോയില്‍ സാനിയ തുറന്നുപറഞ്ഞത്. 

ഹൈദരാബാദ്: ഇരുപതാം വയസില്‍ വിഷാദം അലട്ടിയിരുന്നതായി വെളിപ്പെടുത്തി ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സ. വലത് കൈക്കുഴയ്‌ക്ക് പരിക്കേറ്റ് ബീജിംഗ് ഒളിംപിക്‌സിന്‍റെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായ ശേഷമുള്ള ക്ലേശകരമായ ദിനങ്ങളാണ് മൈന്‍ഡ് മാറ്റേര്‍സ് എന്ന യൂട്യൂബ് ഷോയില്‍ സാനിയ തുറന്നുപറഞ്ഞത്. 

'2008ലെ ബീജിംഗ് ഒളിംപിക്‌സിലായിരുന്നു അത്. ഗുരുതരമായി കൈക്കുഴയ്‌ക്ക് പരിക്കേറ്റു. അതിന് ശേഷം മൂന്നുനാല് മാസക്കാലം വിഷാദത്തിലേക്ക് പോയി. കാരണങ്ങളേതുമില്ലാതെ കരയുന്നത് ഓര്‍ക്കുന്നു. ഞാന്‍ വളരെ സന്തുഷ്‌ടയാണ്. എന്നാല്‍ അതിന് ശേഷം കണ്ണുകള്‍ നിറയുന്നു. ഒരു മാസത്തിലേറെ ഭക്ഷണം കഴിക്കാന്‍ പോലും മുറിക്ക് പുറത്തിറങ്ങാതിരുന്നത് ഓര്‍ക്കുന്നു. ഇനിയൊരിക്കലും ടെന്നീസ് കളിക്കാന്‍ കഴിയില്ല എന്ന് തോന്നി. കരിയര്‍ അവസാനിച്ചെന്നോ ഇനിയൊരിക്കലും ഒളിംപിക്‌സില്‍ മത്സരിക്കാന്‍ കഴിയില്ലെന്നോ അന്ന് 20-ാം വയസില്‍ തോന്നി. 

കൈക്കുഴയുടെ അവസ്ഥ വളരെ മോശമായിരുന്നു. മുടി ചീകാന്‍ പോലും കഴിയാത്ത സാഹചര്യം. എല്ലാ ചലനങ്ങളും നഷ്‌ടപ്പെട്ടു. എനിക്ക് ശസ്‌ത്രക്രിയ വേണം. എന്നാല്‍ ശസ്‌ത്രക്രിയക്ക് ശേഷം ആരോഗ്യം കൂടുതല്‍ മോശമായി. സംഭവിക്കുന്ന കാര്യങ്ങളെല്ലാം സങ്കീര്‍ണമായി. ഞാന്‍ എന്‍റെ കുടുംബത്തെയും രാജ്യത്തെയും നിരാശപ്പെടുത്തിയെന്ന് തോന്നി. ശരിയായ ദിശ കണ്ടെത്താന്‍ എന്‍റെ കുടുംബം സഹായിക്കുകയും എനിക്കാവശ്യമായ സഹായം കിട്ടുകയും ചെയ്തു. ഇന്ത്യ വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡല്‍ നേടാന്‍ അതിന് ശേഷം കഴിഞ്ഞു' എന്നും സാനിയ മിര്‍സ പറ‌ഞ്ഞു. 

ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സാനിയ മിര്‍സയിപ്പോള്‍. ആറ് തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായിട്ടുണ്ട് മുപ്പത്തിനാലുകാരിയായ സാനിയ മിര്‍സ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!