
ജനീവ: പോള്‍വോള്‍ട്ടില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് എതിരാളികളില്ലാതെ സ്വന്തം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ വര്‍ഷമാണ് കടന്ന് പോകുന്നത്. ഫോര്‍മുല വണ്ണില്‍ പുതിയ കിരീടാവകാശിയേയും കായികലോകം കണ്ടു. അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. കായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത താരം. ലോക ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കിരീടം നിലനിര്‍ത്തിയ സ്വീഡിഷ്താരം 2025ല്‍ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ചത് നാലുതവണ. കരിയറില്‍ പതിനാല് തവണ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തിയ ഡുപ്ലാന്റിസിന്റെ പുതിയ ഉയരം 6.30 മീറ്റര്‍. ഈവര്‍ഷം പങ്കെടുത്ത പതിനാറ് ചാന്പ്യന്‍ഷിപ്പിലും സ്വര്‍ണമെന്ന അപൂര്‍വനേട്ടവും ഇരുപത്തിയാറുകാരന് സ്വന്തം.
വനിതകളുടെ 400 മീറ്ററില്‍ 42 വര്‍ഷം പഴക്കുളള റെക്കോര്‍ഡ് തകര്‍ത്ത് അമേരിക്കയുടെ സിഡ്‌നി മക്‌ലോഗ്‌ലിന്‍ ലെവ്‌റോണ്‍. തകര്‍ത്തത് 1983ല്‍ ജാമില ക്രാറ്റോച്വിലോവ കുറിച്ച 47. 99 സെക്കന്‍ഡിന്റെ റെക്കോര്‍ഡ്. ലെവറെണിന്റ സമയം 47. 78 സെക്കന്‍ഡ്. ഫോര്‍മുല വണ്‍ ട്രാക്കില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്റെ ആധിപത്യം അവസാനിപ്പിച്ച് ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ വെര്‍സ്റ്റപ്പനെ, നോറിസ് പിന്നിലാക്കിയത് വെറും രണ്ടുപോയിന്റിന്. ഒരു മക്ലാരന്‍ താരം ലോകചാന്പ്യനാവുന്നത് പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം.
മോട്ടോ ജി പി കിരീടം അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുപിടിച്ച് ഡുക്കാട്ടിയുടെ മാര്‍ക് മാര്‍ക്വേസ്. മാര്‍ക്കിന്റെ ഏഴാം ലോകകിരീടം. ഗ്രാന്‍സ്ലാം ചാന്പ്യന്‍ഷിപ്പുകള്‍ യാനിക് സിന്നറും കാര്‍ലോസ് അല്‍കാരസും പങ്കിട്ടെടുത്തു. സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും ജേതാവായപ്പോള്‍ ഫ്രഞ്ച് ഓപ്പണിലും യു എസ് ഓപ്പണിലും കാര്‍ലോസ് അല്‍കാരസിന് കിരീടം. വനിതകളില്‍ നാല് ചാന്പ്യന്‍ഷിപ്പുകളില്‍ നാല് ചാന്പ്യന്‍മാര്‍.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാഡിസണ്‍ കീസും ഫ്രഞ്ച് ഓപ്പണ്‍ കോകോ ഗൗഫും വിംബിള്‍ഡണ്‍ ഇഗാ സ്യാംതെക്കും യു എസ് ഓപ്പണ്‍ അറിന സബലെന്‍കയും സ്വന്തമാക്കി. പതിനെട്ട് വര്‍ഷം നീണ്ട അത്‌ലറ്റിക്‌സ് കരിയില്‍ അഞ്ച് ഒളിംപിക് മെഡല്‍ ഉള്‍പ്പടെ 26 മെഡലുകളുമായി ട്രാക്ക് വിട്ട് ജമൈക്കന്‍ ഇതിഹാസം ഷെല്ലി ആന്‍ ഫ്രേസര്‍. റസ്‌ലിംഗിനോട് വിടപറഞ്ഞ് മെഗാസ്റ്റാര്‍ ജോണ്‍ സീന.