
ദില്ലി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ റൗസ് അവന്യൂ ഡിസ്ട്രിക്റ്റ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവർ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോൾ ഇതിനെല്ലാം മറുപടി നൽകുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.
2023-ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം ചെയ്ത് ആരോപണങ്ങൾ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസിലെ ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും മുൻ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെ വിടുകയായിരുന്നു.
താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്നും നീതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നതായും ബ്രിജ്ഭൂഷണ്‍ കൂട്ടിച്ചേർത്തു. കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്; എന്‍റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്. ആ വാക്കിൽ ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നു. ഇന്ന് കോടതി എന്നെയും വിനോദിനെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ബോധ്യമുണ്ടായിരുന്നതിനാൽ നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു- ബ്രിജ് ഭൂഷൺ പറഞ്ഞു.
#WATCH | Delhi | After being acquitted by Rouse Avenue Court in the women wrestlers alleged sexual harassment case, Brij Bhushan Sharan Singh says, "... I said this was a conspiracy, and if any of the allegations against me are found to be true, I will hang myself. To this day,… https://t.co/6O1R8HjBeD pic.twitter.com/Btlt3pWJZA
— ANI (@ANI) August 3, 2026
2023-ലാണ് ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം ജന്തർ മന്തറിലെ സമരപ്പന്തലിലെത്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുഭാഗത്തിന്‍റെയും വിശദമായ വാദമുഖങ്ങൾ കേട്ട ശേഷം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാറാണ് കേസിൽ വിധി പ്രസ്താവിച്ചത്. ജൂനിയർ കായികതാരങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണ് ഇതെന്ന് വിശേഷിപ്പിച്ച ബ്രിജ് ഭൂഷൺ, കേസിന്‍റെ വിശദമായ വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക