ചില കായിക വേദികളുടെ മേൽക്കൂര ചോർന്നൊലിച്ചെങ്കിലും സ്റ്റേഡിയങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നാഗോയ മേയർ ഇച്ചിറോ ഹിരോസാവ അറിയിച്ചു.
നാഗോയ: ഏഷ്യൻ ഗെയിംസിന് വേദിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംഘാടക നഗരമായ ജപ്പാനിലെ നഗോയയിൽ കനത്ത പ്രളയം. മത്സരങ്ങൾ ആരംഭിക്കാൻ പത്ത് ദിവസം മാത്രം ശേഷിക്കെ പെയ്ത റെക്കോർഡ് മഴയിൽ നഗരത്തിലെ റോഡുകളും വീടുകളും പൂർണമായി വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് നഗരത്തിൽ ഇതിനകം എത്തിയ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 400-ഓളം കായികതാരങ്ങളെയും ഒഫീഷ്യലുകളെയും താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെത്തുടർന്ന് ബസ്, സബ്‌വേ ഗതാഗത സംവിധാനങ്ങൾ താറുമാറായതോടെ മൂന്നായിരത്തിലധികം പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്.
ചില കായിക വേദികളുടെ മേൽക്കൂര ചോർന്നൊലിച്ചെങ്കിലും സ്റ്റേഡിയങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നാഗോയ മേയർ ഇച്ചിറോ ഹിരോസാവ അറിയിച്ചു. അതിനാൽ നിശ്ചയിച്ച പ്രകാരം തന്നെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ഏഷ്യൻ ഗെയിംസ് വിജയകരമായി നടക്കുമെന്നും കായിക പ്രേമികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സംഘാടകർ വ്യക്തമാക്കി. അതിനിടെ, ഏഷ്യൻ ഗെയിംസിനുള്ള അന്തിമ ഇന്ത്യൻ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി. 503 അത്‌ലറ്റുകളും 246 ടീം ഒഫീഷ്യലുകളും പരിശീലകരും അടങ്ങുന്ന കൂറ്റൻ സംഘമാണ് ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് തിരിക്കുന്നത്. ചീഫ് ഡി മിഷൻ സഹദേവ് യാദവ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പർദിവാല എന്നിവരും 19 അംഗ സപ്പോർട്ടിംഗ് സ്റ്റാഫും അടക്കം ആകെ 768 അംഗങ്ങളാണ് ഇന്ത്യൻ ഡെലിഗേഷനിൽ ഉള്ളത്. 36 കായിക ഇനങ്ങളിലാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ മാറ്റുരയ്ക്കുന്നത്.
പരിക്കുമൂലം സൂപ്പർ താരം നീരജ് ചോപ്ര ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, 79 അത്‌ലറ്റുകൾ ഉൾപ്പെടുന്ന അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ സംഘമുള്ളത്. ദേശീയ പരിശീലകൻ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 20 പരിശീലകർ ഉൾപ്പെടെ 31 അംഗ സപ്പോർട്ട് സ്റ്റാഫും അത്‌ലറ്റിക്‌സ് ടീമിനൊപ്പമുണ്ട്. കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിച്ച് സ്വർണ്ണമെഡൽ ലക്ഷ്യമിട്ടിറങ്ങുന്ന പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾക്ക് 20 അംഗ ഒഫീഷ്യൽ സംഘത്തെയാണ് അനുവദിച്ചിട്ടുള്ളത്. പുരുഷ ടീമിനെ വി.വി.എസ്. ലക്ഷ്മണും വനിതാ ടീമിനെ അമോൽ മുജുംദാറും പരിശീലിപ്പിക്കും. ഇവർക്ക് പുറമെ, ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ നയിക്കുന്ന ഷൂട്ടിംഗ് സംഘത്തെ സഹായിക്കാൻ 17 അംഗ ഒഫീഷ്യൽ സപ്പോർട്ടും, 20 അംഗ ബാഡ്മിന്റൺ സംഘത്തോടൊപ്പം ദേശീയ പരിശീലകൻ പുല്ലേല ഗോപീചന്ദും വിദേശ പരിശീലകരും ജപ്പാനിലേക്ക് തിരിക്കും.
